കൊച്ചി: ഒട്ടേറെ പദ്ധതികൾ തുടരാനും പുതിയവ തുടങ്ങാനും കഴിഞ്ഞെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പലതും ചെയ്യാൻ സാധിച്ചില്ലെന്ന് കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. റോഡ്, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾ കുറച്ചുകൂടി കാര്യങ്ങൾ പ്രതീക്ഷിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾക്കുള്ളിൽ നിന്ന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ശരിയായ ദിശയിലാണ് ജില്ലാ ഭരണകൂടം സഞ്ചരിക്കുന്നത്.
എറണാകുളം പ്രസ്ക്ളബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടിലെ മഹാപ്രളയവും അതിന് മുമ്പുണ്ടായ ഓഖി ചുഴലിക്കാറ്റും വരൾച്ചയും നിപാഭീതിയും ജില്ല നേരിടേണ്ടി വന്നു. പ്രളയത്തിൽ നശിച്ച 1450 വീടുകളിൽ 1250 വീടുകൾ നിർമ്മാണം പൂർത്തിയാക്കി. ബാക്കിയുള്ളവ ആഗസ്റ്റിനുള്ളിൽ തീരും. ഇനിയൊരു പ്രകൃതി ദുരന്തം ഉണ്ടായാൽ താങ്ങാനാവുന്ന തരത്തിലാണ് വീടുകളുടെ പുനർനിർമ്മാണം. പ്രളയത്തിന് ശേഷം സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. 2-3 വർഷത്തേക്കുള്ള വെല്ലുവിളിയാണ് പ്രളയദുരന്തത്തിൽ നിന്ന് പൂർണ്ണമായി കരകയറുകയെന്നത്.
ഇതരസംസ്ഥാനക്കാരുടെ മക്കൾക്ക് തുല്യത ഉറപ്പുവരുത്തുകയാണ് റോഷ്നി പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കാൻസർ സെന്ററിന്റെ സ്പെഷ്യൽ ഓഫീസറാകാൻഅവസരം കിട്ടി. ഒ.പി തുടങ്ങാനായി. ഫൗണ്ടേഷൻ പണി നടക്കുകയാണ്. 2020ൽ കാൻസർ സെന്റർ പൂർണ്ണസജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
നീല ഇഷ്ടനിറം
കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയെ നീലവേഷത്തിലാണ് ഏറെയും കണ്ടിട്ടുള്ളത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. എൻജിനീയറിംഗ് പഠിക്കുമ്പോൾ യൂണിഫോം നീല നിറമായിരുന്നു. അതുകഴിഞ്ഞ് ടാറ്റ കൺസൾട്ടൻസി സർവീസ്. കളർ നീലയായിരുന്നു. എം.ബി.എ ചെയ്ത ഐ.ബി.എമ്മിലും നിറം നീലയായിരുന്നു. സ്കൂൾ കഴിഞ്ഞതിന് ശേഷമെല്ലാം നീലനിറമായിരുന്നു വസ്ത്രങ്ങൾ. അങ്ങനെ നീല നല്ല നിറമാണെന്ന് തോന്നിത്തുടങ്ങി.
ജിയോബാഗ് താത്കാലികം
ഓഖിയ്ക്ക് ശേഷം ചെല്ലാനത്ത് അഞ്ചിടങ്ങളിൽ കടൽഭിത്തി നിർമ്മിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ അതിന് ആവശ്യമായ പാറ ലഭിച്ചില്ല. അങ്ങനെയാണ് ജിയോ ട്യൂബ് എന്ന ആശയം വന്നത്. ഇത് ഇന്ത്യയിൽ ആദ്യമാണ്. വിദേശത്തൊക്കെ നടപ്പിലാക്കിയതാണ്. എന്നാൽ നിർഭാഗ്യവശാൽ ചെല്ലാനത്ത് അത് ഇടാനായില്ല. അതിന് പകരമാണ് ഇപ്പോൾ ജിയോ ബാഗ് ഇടുന്നത്. അത് താത്കാലികം മാത്രമാണ്.
നിപ ഉറവിടപരിശോധന തുടരുന്നു
നിപയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. സംസ്ഥാന ആരോഗ്യവകുപ്പാണ് അത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുക. ജില്ലാഭരണകൂടം പരിശോധനയ്ക്കായുള്ള സൗകര്യം ഒരുക്കി