പൊളിക്കേണ്ടിവരുമെന്ന് പ്രാഥമിക നിഗമനം
കൊച്ചി : നിർമ്മിച്ച് രണ്ടര വർഷത്തിനകം ബലക്ഷയം കണ്ടെത്തിയ ദേശീയപാത ബൈപ്പാസിലെ പാലാരിവട്ടം ഫ്ളെെഓവർ പൊളിച്ചു പണിയേണ്ടിവരുമെന്ന് സൂചന. മെട്രോമാൻ ഇ. ശ്രീധരൻ തന്നെ രക്ഷകനാകുമെന്ന പ്രതീക്ഷയിലാണ് നഗരം. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം ഇന്നലെ നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോർട്ട് ഈയാഴ്ച സർക്കാരിന് സമർപ്പിക്കും.തുടർന്ന് ഫ്ളൈ ഓവറിന്റെ ഭാവി സർക്കാർ നിശ്ചയിക്കും.
പാലം നിർമ്മാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ് ഉൾപ്പെടെ സംഘം ശേഖരിച്ചിട്ടുണ്ട്. കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് ശരിയായ അളവിൽ സിമന്റും കമ്പിയുമുൾപ്പെടെ ഉപയോഗിച്ചാണോ നിർമ്മാണമെന്ന് വിലയിരുത്തും. ഗർഡറുകൾ പൂർണമായി മാറ്റേണ്ടിവരുമെന്ന ശ്രീധരന്റെ അഭിപ്രായത്തോട് ഡോ. മഹേഷ് ടാണ്ടനും യോജിച്ചുവെന്നാണ് സൂചന. പാലം ഒരറ്റം മുതൽ മറ്റേയറ്റം വരെ പരിശോധിച്ച ഡോ. മഹേഷ് ടാണ്ടൻ പാലം പൊളിച്ച് പുതിയത് പണിയേണ്ടിവരുമെന്ന സന്ദേശമാണ് വിദഗ്ദ്ധസമിതിയംഗങ്ങൾക്ക് കെെമാറിയത്.
ശ്രീധരനെ ക്ഷണിച്ചുവരുത്തിയത്
പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് അഭിപ്രായം തേടി കഴിഞ്ഞ 13 നാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. തന്റെ അഭിപ്രായങ്ങൾ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനുമായും പങ്കുവെച്ച ശ്രീധരൻ കോൺക്രീറ്റ് സ്പെഷ്യലിസ്റ്റിനെക്കൊണ്ട് പാലം പരിശോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. നിർദ്ദേശം അംഗീകരിച്ച മുഖ്യമന്ത്രി ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ പാലം പരിശോധിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഡി.എം.ആർ.സിയിൽ സഹപ്രവർത്തകനായിരുന്ന കാൺപൂർ ഐ.ഐ.ടിയിലെ കോൺക്രീറ്റ് വിദഗ്ദ്ധൻ ഡോ. മഹേഷ് ടാണ്ടനെ പാലം പരിശോധനയ്ക്ക് ഇ. ശ്രീധരൻ വിളിച്ചു വരുത്തിയത്. ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധൻ ഡോ. അളകസുന്ദരവും സ്ട്രക്ചറൽ എൻജിനീയർമായ ജീവ, പ്രസാദ് വിദഗ്ദസമിതി അംഗങ്ങളായ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ അശോക്‌കുമാർ, ബ്രിഡ്‌ജസ് വിഭാഗം ചീഫ് എൻജിനീയർ മനോമോഹൻ, ദേശീയപാത വിഭാഗം മുൻ ചീഫ് എൻജിനീയർ ജീവൻരാജ് എന്നിവരും ഇന്നലത്തെ പരിശോധനയിൽ പങ്കെടുത്തു.
തീരുമാനം റിപ്പോർട്ടിനു ശേഷം
ശ്രീധരനും സംഘവും നൽകുന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ച് നീക്കണോ വേണ്ടയോയെന്ന് സർക്കാർ തീരുമാനമെടുക്കുക. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫ്ളൈ ഓവർ ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇ. ശ്രീധരന്റെ ഉപദേശം തേടിയത്.
നിർമ്മാണം സംശയനിഴലിൽ
2014 ജൂണിലാണ് ഫ്ളെെ ഓവർ നിർമ്മാണം തുടങ്ങിയത്. ഫ്ളെെഓവർ പണിത് യാതൊരു മുൻപരിചയവുമില്ലാത്ത ആർ.ഡി.എസ് പ്രോജക്ട്സ് കമ്പനിക്കായിരുന്നു കരാർ. യു.ഡി.എഫ് ഭരണക്കാലത്ത് നിർമ്മാണം. നടന്നത്. എൽ.ഡി.എഫ് സർക്കാർ വന്നതിനുശേഷം 2016 ൽ തിരക്കിട്ട് ഉദ്ഘാടനവും നടന്നു. കേരളത്തിൽ നിർമിച്ച പാലങ്ങളിൽ ഏറ്റവും മോശം പാലമാണ് ഈ ഫ്ളെെഓവറെന്നാണ് മന്ത്രി ജി. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
വീണ്ടും സമരക്കാലം
സൂപ്പർ വിദഗ്ദ സംഘത്തിന്റെ പരിശോധന കഴി|ഞ്ഞതോടെ വരാനിരിക്കുന്നത് സമരക്കാലം. പാലാരിവട്ടം ഫ്ളെെ ഓവർ തകരാനിടയായ അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെയും യു.ഡി.എഫ് ഭരണനേതൃത്വത്തിന്റെയും പങ്ക് അന്വഷിക്കണമെന്നും എം.എൽ.എ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 26 ന് പാലാരിവട്ടം ഫ്ളെെ ഓവറിലേക്ക് മാർച്ച് നടത്തും.
കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ കൊച്ചി, എറണാകുളം ,ആലുവ, കളമശ്ശേരി , തൃപ്പൂണിത്തുറ, തൃക്കാക്കര നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുക്കും. 27 മുതൽ ഫ്ളെെ ഓവറിനു സമീപം എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ അനിശ്ചിതക്കാല സത്യഗ്രഹവും ആരംഭിക്കും. മറ്റ് നിരവധി സംഘടനകളും സമരം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്.