കാലടി: മഞ്ഞപ്രയിൽ നിന്നും വൈകിട്ട് 7.30ന് ശേഷം അങ്കമാലിയിലേക്കും, കാലടിയിലേക്കും ബസ് സർവീസുകൾ വേണമെന്ന് മഞ്ഞപ്ര മർച്ചൻ അസോസിയേഷൻ ആവശ്യപ്പെട്ടു.വൈകിട്ടുള്ള സമയങ്ങളിൽ ബസ് സർവീസുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്.മുൻകാലങ്ങളിൽ രാത്രി 8.15 വരെ സർവീസ് ഉണ്ടായിരുന്നതാണ്. ഇപ്പോൾ സർവീസ് നടക്കുന്നില്ലെന്ന് പരാതിയുണ്ട്, മുടങ്ങിപ്പോയ ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന് പ്രമേയത്തിലൂടെ അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ ആവശ്യപ്പെട്ടു.ജനറൽ സെക്രട്ടറി റെനി പാപ്പച്ചൻ പ്രമേയം അവതരിപ്പിച്ചു. ഇത് സംബന്ധിച്ച് പരാതികൾ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികാരികൾക്ക്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, എം.എൽ.എയ്ക്കും നൽകുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ജോളി മാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ദേവസ്സിസിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര സമർപ്പണം ജില്ലാ ജനറൽ സെക്രട്ടറി ജോജി പീറ്റർ നിർവഹിച്ചു.