mpeda
മുൻ ഡി.ജി.പി ഡോ. ഹോർമിസ് തരകൻ സ്വന്തം ഫാമിൽ വളർത്തിയ കാരച്ചെമ്മീൻ

കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) വല്ലാർപാടത്തെ മൾട്ടീസ്പീഷീസ് അക്വാകൾച്ചർ സെന്റർ കർഷകർക്ക് കൈമാറിയ കാരച്ചെമ്മീൻ കുഞ്ഞുങ്ങളിൽ നിന്ന് നൂറു ദിവസം കൊണ്ട് മികച്ച വിളവെടുപ്പ്.

കയറ്റുമതി സാദ്ധ്യതയുള്ള കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ ഈവർഷം ഫെബ്രുവരി എട്ടിനാണ് കർഷകർക്ക് കൈമാറിയത്. നൂറു ദിവസം കൊണ്ട് തന്നെ മികച്ച വിളവ് ലഭിച്ചെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

90 ദിവസങ്ങൾ കൊണ്ട് ശരാശരി 38 ഗ്രാമിന്റെ വളർച്ചയാണ് ലഭിച്ചത്. 50 സെന്റിൽ നിന്ന് 260 കിലോഗ്രാം കാരച്ചെമ്മീൻ ലഭിച്ചെന്ന് കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ ആദ്യമായി വാങ്ങിയ മുൻ ഡി.ജി.പി ഡോ. ഹോർമിസ് തരകൻ പറഞ്ഞു.

90,000 കുഞ്ഞുങ്ങളെയാണ് ഇപ്പോൾ വളർത്തുന്നത്. മൂന്ന് വർഷമായി ലാഭകരമല്ലാതിരുന്ന ചെമ്മീൻ കൃഷിയാണ് എം.പി.ഇ.ഡി.എയുടെ മത്സ്യക്കുഞ്ഞുങ്ങളിലൂടെ മെച്ചപ്പെട്ടിരിക്കുന്നത്.

കർഷകർ നൽകുന്ന പ്രതികരണം ആവേശകരമാണെന്ന് എം.പി.ഇ.ഡി.എ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു.

രോഗരഹിത മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഡിസംബർ എട്ടിന് ഉദ്ഘാടനം ചെയ്ത എം.എ.സി 7.25 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. 20 ദശലക്ഷം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ പരിപാലിക്കാൻ കഴിയുന്ന അത്യാധുനിക പ്രജനന കേന്ദ്രത്തിൽ കാളാഞ്ചി, ആകോലി വറ്റ, ഗിഫ്റ്റ് തിലാപ്പിയ തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയും വളർത്തുന്നുണ്ട്.

ഇത്രയധികം വളർച്ചയുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഒന്നര ദശാബ്ദത്തെ ചെമ്മീൻ കൃഷിക്കിടയിൽ ലഭിച്ചിട്ടില്ലെന്ന് കുമ്പളങ്ങി സ്വദേശി സി.വി. മാത്യൂസ് പറഞ്ഞു. 80 ദിവസത്തിനുള്ളിൽ ശരാശരി 40 ഗ്രാം വളർച്ചയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.