sreeman-narayanan
വായന ദിനത്തിൽ 'മഹാത്മാവിന്റെ മഹാദർശനം പദ്ധതി'യുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്ന മഹാത്മഗാന്ധിയുടെ ഫോട്ടോകളുമായിഎഴുത്തുകാരൻ ശ്രീമൻ നാരായണൻ

ആലുവ: വായന ദിനത്തിൽ 'മഹാത്മാവിന്റെ മഹാദർശനം പദ്ധതിയുമായി എഴുത്തുകാരൻ ശ്രീമൻ നാരായണൻ .
'കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഹൃദയംകൊണ്ടും നമുക്കു ഗാന്ധിജിയെ വായിക്കാം' എന്ന സന്ദേശത്തിലൂടെ മുപ്പത്തടം ഗ്രാമത്തിലെ 5,000 വീടുകളിലും ഗാന്ധിജിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ സമർപ്പിക്കുന്ന 'മഹാത്മാവിൻെറ മഹാദർശനം' പദ്ധതിയാണ് വായനാദിനമായ നാളെ ആരംഭിക്കുന്നത്. മുപ്പത്തടം ഗ്രാമത്തിലെ എല്ലാ വീടുകളിലും 'അക്ഷരയജ്ഞം' പദ്ധതിയിലൂടെ ഗാന്ധിജിയുടെ 'എൻെറ സത്യാന്വേഷണ പരീക്ഷണ കഥ' സൗജന്യമായി നൽകിയത് അടുത്തിടെയാണ്. പുറമെ കടുങ്ങല്ലൂർ മേഖലയിലെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും 'എൻെറ സത്യാന്വേഷണ പരീക്ഷണ കഥ' സൗജന്യമായി നൽകി.

. പരിസ്ഥിതി ദിനത്തിൽ പ്ളാസ്റ്റിക്ക് ബാഗുകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്ത് കടുങ്ങല്ലൂരിലെ എല്ലാ വീടുകളിലും തുണി സഞ്ചികൾ സൗജന്യമായി നൽകി. വൃക്ഷത്തൈകളും നൽകി. മനുഷ്യരെ പോലെ വേനൽചൂടിൽ വിഷമിക്കുന്ന പക്ഷികൾക്ക് ദാഹജലം നൽകാൻ 10,000 മൺപാത്രം ശ്രീമൻ നാരായണൻ വിതരണം ചെയ്തിരുന്നു. ശ്രീമൻ നാരായണന്റെ മുപ്പത്തടത്തുള്ള 'ഹോട്ടൽ ദ്വാരക' യഥാർത്ഥത്തിൽ നാട്ടുകാരുടെ ലൈബ്രറിയാണ്. എല്ലാ മലയാളം, ഇംഗ്ളീഷ് ദിനപത്രങ്ങളും ആനുകാലികങ്ങളും ഇവിടെയുണ്ട്.

'മഹാത്മാവിൻെറ മഹാദർശനം' പദ്ധതി നാളെ വൈകിട്ട് മൂന്നിന് ഹോട്ടൽ ദ്വാരകയിൽ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ സേതു അദ്ധ്യക്ഷത വഹിക്കും. എൻ.കെ. ദേശം, ഗ്രേസി, പ്രൊഫ. മ്യൂസ്‌മേരി, പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് തുടങ്ങിയവർ സംസാരിക്കും.