nadama
നടമ കുരിശു പള്ളിയുടെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത നിലയിൽ

തൃപ്പൂണിത്തുറ: സി.എം.എ റോഡിലെ നടമ സെന്റ്. ജോർജ് കുരിശുപള്ളിയുടെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം കവരാൻ ശ്രമം. ഭണ്ഡാരത്തിൽ നിന്ന് ചില്ലറകൾ വീഴുന്ന ശബ്ദത്തെത്തുടർന്ന് മോഷണശ്രമം പാതി വഴിയിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൂചന. ഇതുവഴി പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് ഭണ്ഡാരത്തിൽ നിന്ന് നോട്ടുകളും ചില്ലറകളും പുറത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് വിവരം പൊലീസിൽ അറിയിച്ചത്. തൃപ്പൂണിത്തുറ ഹിൽപാലസ് എസ്.ഐ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ദിവസങ്ങൾക്ക് മുൻപ് പുതിയകാവ് ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലും സമാനമായ രീതിയിൽ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയിരുന്നു. നഗരത്തിലെ സി.സി കാമറകൾ പലതും പ്രവർത്തനക്ഷമമല്ലാത്തതാണ് മോഷ്ടാക്കൾക്ക് തുണയാകുന്നത്. പള്ളികളിലും ക്ഷേത്രങ്ങളിലും സി.സി.കാമറകൾ സ്ഥാപിക്കുവാനുള്ള നിർദ്ദേശം നൽകും. സ്വകാര്യ കേബിൾ ചാനലുകളുമായി ചർച്ച ചെയ്ത് ഒപ്റ്റിക്കൽ കേബിളുകൾ വഴി കാമറകൾ സ്ഥാപിക്കുവാനുള്ള ശ്രമവും നടക്കുന്നതായി എസ്.ഐ പറഞ്ഞു.