കാലടി: കാലടി ടൗണിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കുഴികൾ ആര് അടയ്ക്കുമെന്ന് ബസ് ജീവനക്കാരും, യാത്രക്കാരും ചോദിക്കുന്നു. മൂന്ന് വരഷങ്ങൾക്ക് മുൻപ് ടാർ ചെയ്ത സ്റ്റാൻഡിലെ റോഡ് പൊട്ടി പൊളിഞ്ഞ് നൂറിലധികം കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. 8.65 കോടി രൂപയുടെ നഗരവികസനം നടത്തുന്ന ഗ്രാമപഞ്ചായത്തിന്റെ മൂക്കിന് താഴെയാണ് ഈ ബസ് സ്റ്റാൻഡ്. സ്കൂൾ തുറന്നതോടെ നിരവധി വിദ്യാർത്ഥികളാണ് ഈ സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.മഴ ആരംഭിച്ചതോടെ കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നതിനാൽ യാത്രക്കാർക്ക് ദുരിതമേറി. മഴ പെയ്യ്താൽ കയറി നിൽക്കാൻപ്പോലും ഇടമില്ലാതെ കഷ്ടപ്പെടുന്നു. സ്റ്റാൻഡ് പരിസരം വൃത്തിഹീനമായി കിടക്കുന്നതും മറ്റൊരു പ്രശ്നമാണ്. രാത്രിയിൽ വെളിച്ചമില്ലാത്തത് ഒരു ഇരുട്ടടി കൂടിയാണ് ഈ സ്റ്റാൻഡിൽ .ദൂരെ നിന്ന് വരുന്ന യാത്രക്കാർക്ക് സന്ധ്യ കഴിഞ്ഞാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ല. ഇത്തരത്തിൽ നിരവധി ആക്ഷേപങ്ങളും പരാതികളുമാണ് നാട്ടുകാർക്കുള്ളത്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് കം കോംപ്ലക്സ് പ്രൊജക്ട് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി വിവരമില്ല.എന്നാൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് സ്റ്റാൻഡ് നിർമ്മാണം ആലോചിച്ചെങ്കിലും ശ്രീ ശങ്കരാ പാലത്തിന്റെ കാര്യത്തിലെന്നപ്പോലെ ചില തർക്കങ്ങളും, അഭിപ്രായ വ്യത്യസങ്ങളും മൂലം പദ്ധതി നടപ്പിലായില്ല. ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജനത്തിന് ഒരു ഹെറിറ്റേജ് ബസ് സ്റ്റാൻഡ് സ്വപ്നം മാത്രമായി.
സ്റ്റാൻഡ് നിർമ്മാണം വെറും വാഗ്ദാനം മാത്രം
ആദിശങ്കര ഹെറിറ്റേജ് ബസ് സ്റ്റോപ്പ് വാഗ്ദാനം നൽകി ഭരണത്തിലേറിയ ഇടതു പക്ഷ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് വേണ്ടി ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.