ആലുവ: ജില്ല ആശുപത്രിയിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കാളികളായതോടെ രോഗികൾ വലഞ്ഞു. രാവിലെ ചികിത്സതേടിയെത്തിയ രോഗികളാണ് രണ്ട് മണിക്കൂറിലേറെ വലഞ്ഞത്.

ഇന്നലെ രാവിലെ പത്ത് മണി വരെയാണ് ഡോക്ടർമാർ സമരത്തിന്റെ ഭാഗമായി ജോലിയിൽ നിന്നും വിട്ടുനിന്നത്. ഒ.പി കൈകാര്യം ചെയ്യുന്ന 14 ഡോക്ടർമാർ പത്ത് മണി വരെ പണിമുടക്കി. പത്ത് മണിക്ക് ശേഷം ഒ.പി വിഭാഗവും അത്യാഹിത വിഭാഗം മുഴുവൻ സമയവും പ്രവർത്തിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. സമരം നടത്തിയ ഡോക്ടർമാർ ആശുപത്രിയിൽ പ്രതിഷേധ യോഗവും നടത്തി. ആലുവയിലെ സ്വകാര്യ ആശുപത്രികളിലും ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.