ഇടപ്പള്ളി: കൊച്ചി കോർപ്പറേഷനുമായി കൊമ്പുകോർത്തെങ്കിലും ഒടുവിൽ പൊതുമരാമത്തു വകുപ്പ് അധികൃതരെത്തി വടുതല പാലത്തിനരികിലെ വിള്ളലുകൾ അടച്ച് തത്കാലം അപകടാവസ്ഥ ഒഴിവാക്കി. ഇന്നലെ രാവിലെ അസി. എൻജിനിയർ പി.ജെ. ലിസിയുടെ നേതൃത്വത്തിൽ എത്തിയ സംഘം പാലത്തിന്റെ തെക്കുഭാഗത്തുണ്ടായ കുഴികളാണ് അടച്ചത്. മണ്ണൊലി​ച്ച് പോയ അപ്രോച്ച് റോഡിൽ കരിങ്കൽപ്പൊടിയും മറ്റും ഇട്ട് ബലപ്പെടുത്തി. പൊട്ടിത്തകർന്ന നടപ്പാതയിലും താത്കാലിക പണികൾ നടത്തി. സ്ഥലം കൗൺസിലർ ഒ.പി. സുനിലുൾപ്പെടെ നിരവധി നാട്ടുകാരും സന്നിഹിതരായിരുന്നു. റോഡിന്റെ ഒരുഭാഗത്തു സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് തകർച്ചയ്ക്ക് കാരണമായത്. ഇവി​ടെ നഗരസഭയുടെ മാലിന്യ സംഭരണകേന്ദ്രം ഉള്ളതും പ്രശ്നമാകുന്നുണ്ട്. സംരക്ഷണഭിത്തിയാണ് ശാശ്വത പരിഹാരമെന്ന് കൗൺസിലർ പറഞ്ഞു.

മന്ത്രിക്ക് പരാതി നൽകി, നടപടി വേഗത്തിലായി

അറ്റകുറ്റപ്പണി നീളാൻ നഗരസഭയുമായുള്ള തർക്കമായി​രുന്നു കാരണം. പാലത്തിനരുകിലെ മണ്ണ് ഒലിച്ചുപോകാൻ കാരണം മാലിന്യ സംഭരണ കേന്ദ്രമാണെന്ന് പൊതുമരാമത്തു അധികൃതർ ആരോപിക്കുന്നു . അപ്രോച്ച് റോഡ് കൊച്ചി നഗര സഭയുടേതായതി​നാൽ പണികൾ അവർ ചെയ്യട്ടെയെന്നായി പൊതുമരാമത്ത് അധികാരികൾ. കൗൺസിലർ ഒ.പി .സുനിൽ വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയതോടെ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ നിർബന്ധിതരാവുകയായിരുന്നു.

മാലിന്യം ഉടനടി നീക്കണം

പാലത്തിനരുകിലെ മാലിന്യം ഉടൻ നീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ നഗരസഭയ്ക്ക് നോട്ടീസ് അയച്ചു. മാലിന്യം മൂലം എലികൾ പെരുകി റോഡരുകിൽ മാളങ്ങൾ ഉണ്ടാക്കുന്നത് റോഡിനും പാലത്തിനും ഭീഷണിയാണ്.
സംരക്ഷണ ഭിത്തി കെട്ടാനായുള്ള രൂപ രേഖ ഉടൻ തയ്യാറാക്കി മേലധികാരികൾക്ക് നൽകുമെന്നും എ .ഇ പറഞ്ഞു