highcourt
highcourt

കൊച്ചി: ഹയർ സെക്കൻഡറി - ഹൈസ്കൂൾ ഏകീകരണം ശുപാർശ ചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയത് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. റിപ്പോർട്ട് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എൻ.എസ്.എസ് തുടങ്ങിയവർ നൽകിയ ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഇന്നലെ വിശദീകരണ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിക്കുമ്പോൾ നിലവിലുള്ള കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം സർക്കാർ പരിഗണിച്ചില്ലെന്നും പുതിയ സംവിധാനം നടപ്പാക്കാൻ കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടില്ലെന്നും സിംഗിൾബെഞ്ച് നിരീക്ഷിച്ചു. തുടർന്നാണ് സ്റ്റേ അനുവദിച്ചത്.

അതേസമയം, പൊതുസമൂഹത്തിന്റെയും വിദ്യാർത്ഥി സമൂഹത്തിന്റെയും ഉത്തമ താത്പര്യം മുൻനിറുത്തി വിദ്യാഭ്യാസ വിചക്ഷണർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അജി ഫിലിപ്പ് നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.

ലയനമല്ലെന്ന് സർക്കാർ

ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ലയനമല്ല, ഇവയുടെ വ്യത്യസ്തത നിലനിറുത്തി ഭരണപരമായ സൗകര്യത്തിന് വേണ്ടിയുള്ള ഏകീകരണമാണ് നടപ്പാക്കുന്നതെന്ന് സർക്കാർ സ്റ്റേറ്റ്മെന്റിൽ പറയുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് നടപടി. ഇതിന്റെ ഭാഗമായി മൂന്നു ഡയറക്ടർമാരുടെയും അധികാരം ഡയറക്ടർ ജനറൽ ഒഫ് എഡ്യൂക്കേഷനിൽ നിക്ഷിപ്തമാക്കി. പത്താം ക്ളാസ്, പ്ളസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ചുമതല കമ്മിഷണർ ഒഫ് ഗവൺമെന്റ് എക്സാമിനേഷൻസിന് നൽകി. ഡയറക്ടർ ജനറൽ ഒഫ് എഡ്യൂക്കേഷനെ ഇൗ പദവിയിൽ നിയമിച്ചിട്ടുമുണ്ട്. ഹൈസ്കൂൾ മാത്രമുള്ള സ്കൂളുകളിൽ നിലവിലെ സ്ഥിതിയും ഹെഡ്മാസ്റ്റർ പദവിയും തുടരും. ഏകീകരണം നടക്കുന്ന സ്കൂളുകളിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രത്യേകമായി തുടരും. ഭരണ - അക്കാഡമിക് സൗകര്യങ്ങൾക്കു വേണ്ടി മാത്രമാണ് ഏകീകരണം. ഇതുമൂലം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിലോ ആനുകൂല്യങ്ങളിലോ മാറ്റമുണ്ടാകില്ല. ഇതിനായി പ്രത്യേക ചട്ടമുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.