കൊച്ചി: കൊച്ചി നിവാസികളുടെ യാത്രാശീലങ്ങളിൽ വിപ്ളവകരമായ മാറ്റം വരുത്തിയ കൊച്ചി മെട്രോ കൂടുതൽ ദൂരം പിന്നിട്ട് പേട്ടയിലെത്താൻ ലക്ഷ്യമിട്ട് മൂന്നാം വർഷത്തിലേയ്ക്ക്. 2.58 കോടി യാത്രക്കാരും 150.24 കോടി വരുമാനവും പുത്തൻ പദ്ധതികളുമായി പുതിയ പാതയിലേക്കുള്ള കുതിപ്പ് തുടരുകയാണ്. ആഗസ്റ്റ് 15ന് മുമ്പായി മഹാരാജാസ് സ്റ്റേഷനിൽ നിന്ന് തൈക്കൂടം വരെ മെട്രോ ഓടിയെത്തും. ജൂലായ് പകുതിയോടെ ഇവിടെ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഡി.എം.ആർ.സി കൈമാറും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ സൗകര്യം അനുസരിച്ച് ഉദ്ഘാടനം തീരുമാനിക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.
# വളർച്ചയുടെ പാതയിൽ
നിത്യേന ശരാശരി 40,000 യാത്രക്കാർ
ഞായറാഴ്ചകളിൽ 45,000 പേർ
മെട്രോ വൺ കാർഡ് ഉപയോക്താക്കൾ: 45,000 പേർ
കാർഡ് ഉപയോക്താക്കളിൽ 26 ശതമാനം പേരും പ്രതിദിനം യാത്ര ചെയ്യുന്നു.
ഒരു കാർഡ് ഉപയോഗിച്ച് ഒരു ദിവസത്തെ സമസ്ത സാമ്പത്തിക കാര്യങ്ങളും ചെയ്തുതീർക്കാമെന്ന നിലയിലേക്ക് കൊച്ചി വൺകാർഡിന്റെ ഉപയോഗം വിപുലീകരിക്കപ്പെട്ടു.
പേട്ടയിൽ നിന്ന് തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷനിലേക്ക് നീട്ടുന്നതിന് അംഗീകാരമായി.
# സംയോജിത പൊതുഗതാഗതം
നഗരത്തിലെ ബസ്, ഓട്ടോറിക്ഷ സർവീസുകൾക്കായി സൊസൈറ്റികൾ രൂപീകരിച്ചു
കൊച്ചി വൺ സ്മാർട് കാർഡിൽ ബസിലും യാത്ര ചെയ്യാം.
ബസുകളിൽ ജി.പി.എസ്
റൂട്ടുകളും ബസുകളുടെ സ്ഥാനവും അറിയുന്നതിന് ചലോ ആപ്പ് .
# സോളാറിലും കൈവച്ചു
മുട്ടം യാർഡിലെ നാല് ഹെക്ടർ ചതുപ്പ് നിലത്ത് സ്ഥാപിച്ച സോളാർ പ്ലാന്റിലൂടെ 2719 കിലോവാട്ട് അധിക വൈദ്യുതി ഉത്‌പാദിപ്പിക്കുന്നു
5389 കിലോവാട്ട് സൗരോർജമാണ് അടുത്ത ലക്ഷ്യം.
മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായി നിർമ്മാണത്തിന് ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.
ജലമെട്രോ നിർമാണ പ്രവർത്തനങ്ങൾക്കായി നാല് പഞ്ചായത്തുകൾ കെ.എം.ആർ.എല്ലിന് ഭൂമി കൈമാറി.
ടിക്കറ്റിതര വരുമാനത്തിലൂടെ 50 കോടിയിലേറെ രൂപ സമ്പാദിച്ചു.
തൂണുകളിലെ പരസ്യം വഴി വർഷം തോറും 5.7 കോടി രൂപ .
മെട്രോ പൊലിസ് സ്റ്റേഷൻ പ്രവർത്തനവും ആരംഭിച്ചു.