khader-committee
Khader Committee

കൊച്ചി : ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകിയത്. നിലവിൽ ഹയർ സെക്കൻഡറി അദ്ധ്യാപകർ അക്കാഡമിക് - ഭരണകാര്യങ്ങളിൽ ഒരുപോലെ ഇടപെടുന്ന സാഹചര്യം ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ഒഴിവാക്കാനാവുമെന്നും ഇത് ഹയർ സെക്കൻഡറി മേഖലയുടെ നിലവാരം ഉയർത്തുമെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.

സ്കൂളുകൾക്ക് ഒന്നിലേറെ മേധാവികളുള്ള നിലവിലെ സംവിധാനത്തിൽ സർക്കാർ പദ്ധതികൾ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട്. പ്രിൻസിപ്പൽ മേധാവിയാകുന്നതോടെ ഇതു പരിഹരിക്കപ്പെടും. പരീക്ഷകൾ ഒരു സംവിധാനത്തിനു കീഴിലാക്കിയതോടെ അദ്ധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടി നിശ്ചയിച്ചു നൽകുന്നതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കും. പരീക്ഷാ നടത്തിപ്പ് സുഗമമാക്കാനും ചെലവു കുറയ്ക്കാനും കഴിയും. പരീക്ഷാ ടൈംടേബിൾ ഏകോപിപ്പിക്കുന്നതിനാൽ കൂടുതൽ പ്രവൃത്തിദിനങ്ങൾ ലഭ്യമാക്കാനാവും. പുതിയ സംവിധാനം നടപ്പാക്കുന്നതുവരെ നിലവിലെ ശമ്പളവിതരണ രീതി തുടരും.

ഏകീകരണം: നേട്ടങ്ങൾ ഇങ്ങനെ

1. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ഒാഫീസ് സൗകര്യം പങ്കുവയ്ക്കാം

2. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറയും

3. ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് അക്കാഡമിക് കാര്യങ്ങളിൽ ശ്രദ്ധയൂന്നാം

4. ഹയർ സെക്കൻഡറി വിഭാഗം മാറ്റമില്ലാതെ നിലനിൽക്കും

5.ഹയർ സെക്കൻഡറി വിഭാഗത്തിന്റെ അക്കാഡമിക് മികവ് ഉയരും