സ്വകാര്യ ആശുപത്രികളിൽ പൂർണം
കൊച്ചി: ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒ.പി ബഹിഷ്‌കരണ പണിമുടക്ക് പൂർണം. സർക്കാർ ആശുപത്രികളിൽ രണ്ടുമണിക്കൂർ മാത്രം പണിമുടക്ക്. കൊൽക്കത്തയിൽ ആൾക്കൂട്ടം ഡോക്ടർമാരെ അക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തിലായിരുന്നു ഒ.പി ബഹിഷ്‌കരണം.
എറണാകുളം ജനറൽ ആശുപത്രിയിൽ രാവിലെ എട്ടു മുതൽ പത്തു വരെ ഡോക്ടർമാർ ഒ.പി യിലെത്തിയില്ല. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തടസപ്പെട്ടില്ല. രാവിലെ ഒമ്പതിന് തുടങ്ങേണ്ട ഒ.പി. പത്തിന് ശേഷമാണ് ആരംഭിച്ചത്. എട്ടിന് വിതരണം ആരംഭിക്കുന്ന ഒ.പി ടിക്കറ്റ് രാവിലെ ഒമ്പതിന് നൽകി തുടങ്ങി. രാവിലെ ആറര മുതൽ ഒ.പി. ടിക്കറ്റെടുക്കുന്നവരുടെ നീണ്ടനിരയായിരുന്നു ആശുപത്രിയിൽ. പത്തു മുതൽ ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിലായി. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും രണ്ടു മണിക്കൂർ പണിമുടക്കി. പന്ത്രണ്ടോളം ഒ.പി വിഭാഗങ്ങൾ പ്രവർത്തിച്ചില്ല.
ഐ.എം.എയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാനത്തെ എല്ലാ ക്ലിനിക്കുകളും അടച്ചിട്ടു. ഇ.എൻ.ടി വിദഗ്ദ്ധരുടെ സംഘടനയായ എ.ഒ.ഐ, കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ, ഐ.എം.എ മെഡിക്കൽ സ്റ്റുഡന്റ്‌സ് നെറ്റ് വർക്ക് എന്നീ സംഘടനകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ധർണ നടത്തി
എറണാകുളം വഞ്ചി സ്‌ക്വയറിൽ ഐ.എം.എയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. ഐ.എം.എ ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. ശ്രീകുമാർ ശർമ്മ അദ്ധ്യക്ഷനായിരുന്നു. ഐ.എം.എ ജില്ലാ കമ്മറ്റി കോ ഓർഡിനേറ്റർ ഡോ. ബി ശബരീഷ്, ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. എം.എൻ വെങ്കിടേശ്വരൻ, ഡോ. എ.വി ബാബു, കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ, ഐ.ഡി.എ ജില്ലാ പ്രസിഡന്റ് ഡോ. ബിന്ദു റേച്ചൽ തോമസ്, സെക്രട്ടറി ഡോ. സിബി ടി. ചേന്നൻകര, ഐ.എം.എ മദ്ധ്യകേരള പ്രസിഡന്റ് ഡോ. എസ്.കെ. രാജേശ്വരിയമ്മ , കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. കെ.എച്ച് ദീപ, ഐ.എം.എ മുൻ ജില്ലാ കമ്മറ്റി ചെയർമാൻ ഡോ. ജോസഫ് മനോജ്, അമൃത മെഡിക്കൽ കോളേജ് വിദ്യാർത്ഥി ഭരത് ശിവൻ, മെഡിക്കൽ കോളേജ് വിദ്യാർത്ഥി വി.പി അനീസ്, കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ. എം.ഐ ജുനൈദ് റഹ്മാൻ, സെക്രട്ടറി ഹനീഷ് മീരാസ എന്നിവർ പ്രസംഗിച്ചു. എറണാകുളം, അമൃത, ശ്രീനാരായണ എന്നീ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ വിദ്യാർത്ഥികൾ നഗരം ചുറ്റി പ്രതിഷേധ ജാഥ നടത്തി.
പിന്തുണയുമായി അമൃതയും
ദേശീയ തലത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ അമൃത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസും പങ്കെടുത്തു. ധർണയ്ക്കും പ്രതിഷേധത്തിനും അമൃത മെഡിക്കൽ ഡയറക്ടർ ഡോ.പ്രേംനായർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കേണൽ വിശാൽ മർവാഹ, ആശുപത്രി അഡീഷണൽ മെഡിക്കൽ ഡയറക്ടർ ഡോ.കെ.വി.ബീന എന്നിവർ നേതൃത്വം നൽകി. അമൃത മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വിശാൽ മർവാഹ, ഡോ.കെ.വി.ബീന, ഡോ.ഗണപതി റാവു , ഡോ.ആനന്ദ് കുമാർ, ഡോ.രാജീവ്.സി, ഡോ.ശ്രീകാന്ത് മൂർത്തി, ഡോ.ബാൽഗോപാൽ വർമ്മ, ഡോ.സുമ ബാലൻ എന്നിവർ സംസാരിച്ചു.