ആലുവ: ആലുവ നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ നഗരസഭ കെട്ടിടങ്ങളിൽ മുറിയെടുത്തവരുടെ അദാലത്ത് സംഘടിപ്പിക്കണമെന്ന് നഗരസഭ കൗൺസിലർമാർ സെക്രട്ടറിക്ക് നല്കിയ പരാതിയിൽ ആവശ്യപ്പെട്ടു. നഗരസഭയുടെ കീഴിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശികയും മറ്റും പിരിച്ചെടുക്കുന്നതിനും കെട്ടിടങ്ങൾ കീഴ്വാടകയ്ക്ക് കെടുത്തിരിക്കുന്നത് കണ്ടെത്തുന്നതിനും നടപടിയെടുക്കണമെന്ന് കൗൺസിലർമാരായ സെബി വി. ബാസ്റ്റ്യൻ, എ.സി. സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
കണ്ടിജൻസി ജീവനക്കാരുടെ പെൻഷൻ മുടങ്ങി
സാമ്പത്തീക പ്രതിസന്ധിയെ തുടർന്ന് നഗരസഭയിലെ കണ്ടിജൻസി ജീവനക്കാരുടെ പെൻഷൻ മുടങ്ങി. എല്ലാ മാസവും ഒന്നാം തീയതി ലഭിക്കേണ്ട പെൻഷൻ രണ്ടാഴ്ച്ചയിലേറെ പിന്നിട്ടിട്ടും ലഭിച്ചിട്ടില്ലെന്ന് പെൻഷനറായ റാഫേൽ ലാസർ പറഞ്ഞു. നികുതിയിനത്തിലും മറ്റും നഗരസഭയിലെത്തുന്ന പണം ജീവനക്കാർ ശമ്പളമായി എടുക്കുകയാണ്. കണ്ടിജൻസി ജീവനക്കാരെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, രണ്ട് ദിവസത്തിനകം കണ്ടിജൻസി ജീവനക്കാരുടെ പെൻഷൻ വിതരണം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു.