സ്വന്തം ലേഖകൻ
ആലുവ: നഗരസഭയുടെ ലൈസൻസ് ഇല്ലാതെ നഗരത്തിൽ പ്രവർത്തിക്കുന്ന അനധികൃത പേ ആൻഡ് പാർക്ക് ഉടമകൾക്ക് നഗരസഭ നോട്ടീസ് നൽകി. 'നികുതി അടയ്ക്കാതെ പേ ആന്റ് പാർക്കുകൾ നികുതി വേണ്ടേ വേണ്ട' എന്ന തലക്കെട്ടിൽ ജൂൺ 14ന് 'കേരളകൗമുദി'യിൽ വന്ന വാർത്തയെ തുടർന്നാണ് നഗരസഭ ആരോഗ്യവകുപ്പ് നടപടിയാരംഭിച്ചത്.
ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലുമാകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും നഗരസഭ നികുതി പിരിക്കുന്നില്ലെന്നും നഗരത്തിൽ പ്രവർത്തിക്കുന്ന പേ ആൻഡ് പാർക്ക് കേന്ദ്രങ്ങളിൽ ബഹുഭൂരിപക്ഷവും നഗരസഭ ലൈസൻസ് എടുത്തിട്ടില്ലെന്നും ചൂണ്ടികാട്ടിയായിരുന്നു വാർത്ത. അനധികൃത പേ ആൻഡ് പാർക്കുകൾക്കെതിരെ മാസങ്ങൾക്ക് മുമ്പ് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൽകിയ പരാതി ആരോഗ്യവിഭാഗം മുക്കിയതും വാർത്തയിൽ സൂചിപ്പിച്ചിരുന്നു.
യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ മണിക്കൂർ അടിസ്ഥാനത്തിലാണ് വാഹന ഉടമകളിൽ നിന്നും വാടക ഈടാക്കുന്നത്. വാഹനം പാർക്ക് ചെയ്യാൻ സ്ഥലം അനുവദിക്കുമെന്നല്ലാതെ വെയിലും മഴയുമേറ്റ് ചെളിവെള്ളത്തിൽ കിടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പുറമ്പോക്ക് ഭൂമി വളച്ചുകെട്ടി പാർക്കിംഗ് കേന്ദ്രമാക്കിയവരും ഇക്കൂട്ടത്തിലുണ്ട്.
ഇതോടെ നഗരസഭ പ്രതിപക്ഷവും വിഷയത്തിൽ ഇടപെട്ടതോടെയാണ് ഭരണപക്ഷം നടപടിയിലേക്ക് തിരിഞ്ഞത്. പേ ആൻഡ് പാർക്ക് ആരംഭിക്കണമെങ്കിൽ നഗരസഭയുടെ നിയമപരമായ അനുമതി വേണമെന്ന് മുനിസിപ്പൽ ആക്ടിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി ചില കൗൺസിലർമാർ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാണ് നടപടിക്ക് പ്രേരിപ്പിച്ചത്.
ലൈസൻസ് ഇല്ലാതെ നഗരത്തിൽ പ്രവർത്തിക്കുന്ന അനധികൃത പേ ആൻഡ് പാർക്ക് ഉടമകൾക്ക് നഗരസഭ നേട്ടീസ് നൽകാൻ തുടങ്ങി.
ജെറോം മെെക്കിൾ പബ്ലിക്ക് വർക്ക് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ