കൊച്ചി : കേരള കോൺഗ്രസ് (എം) പിളർന്നെങ്കിലും ആരാണ് ഒറിജിനലെന്ന് വിലയിരുത്താൻ ദേശീയ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിക്കണം. ഇതിനുശേഷമേ കൂറുമാറ്റത്തിന്റെ കരിനിഴൽ ഏതു വിഭാഗത്തിനുമേലാണ് വീഴുകയെന്ന് പറയാനാവൂ. ഒരു രാഷ്ട്രീയ പാർട്ടിയുടെ പിളർപ്പിന് കൂറുമാറ്റ നിരോധന നിയമം ബാധകമാണ്. രണ്ടു രാഷ്ട്രീയ പാർട്ടികളുടെ ലയനത്തിന് ഇത്തരമൊരു നിയമം ബാധകമല്ലെന്നാണ് ചട്ടം പറയുന്നത്.
ആരാണ് യഥാർത്ഥ കേരള കോൺഗ്രസ് എം
ഇക്കാര്യം തീരുമാനിക്കേണ്ടത് ദേശീയ തിരഞ്ഞെടുപ്പു കമ്മിഷനാണ്. ഇലക്ഷൻ സിംബൽസ് (റിസർവേഷൻ ആൻഡ് അലോട്ട്മെന്റ് ) ഒാർഡറിലെ 15 -ാം ഖണ്ഡിക പ്രകാരം വിഷയത്തിൽ രേഖകളടക്കമുള്ളവ പരിശോധിച്ചും തെളിവെടുപ്പ് നടത്തിയും തിരഞ്ഞെടുപ്പു കമ്മിഷനാണ് ആരാണ് ഒറിജിനലെന്നു പ്രഖ്യാപിക്കുന്നത്. ഇങ്ങനെ വരുന്നതോടെ മറുവിഭാഗം സ്വാഭാവികമായും കൂറുമാറ്റ നിരോധന നിയമത്തിന്റെ കരിനിഴലിലാകും.
കൂറുമാറ്റം എങ്ങനെ
കേരള കോൺഗ്രസ് എമ്മിന്റെ പേരിൽ നൽകുന്ന വിപ്പ് നിയമസഭയിൽ ഏതെങ്കിലും വിഭാഗം ലംഘിക്കുന്നത് കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വഴിയൊരുക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരു വിഭാഗങ്ങൾക്കും സ്പീക്കർക്ക് പരാതി നൽകാൻ കഴിയും. ആരാണ് ഒറിജിനൽ എന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിക്കുന്നതുവരെ കൂറുമാറ്റത്തിന്റെ കാര്യം തീരുമാനിക്കാൻ സ്പീക്കർക്ക് കാത്തിരിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങളും യു.ഡി.എഫിനൊപ്പം ആയതിനാൽ വിപ്പ് ലംഘനമടക്കമുള്ള പ്രശ്നങ്ങൾ ഉദിക്കുന്ന സാഹചര്യം നിലവിലില്ല.
കൂറുമാറ്റത്തിന്റെ ഘട്ടമെത്തിയിട്ടില്ല
വിപ്പ് ലംഘനവും പാർട്ടിയിൽ നിന്നുള്ള രാജിയുമൊക്കെയുണ്ടായാലേ കൂറുമാറ്റത്തിന്റെ പ്രശ്നം വരുന്നുള്ളൂ. അതിനും യഥാർത്ഥ പാർട്ടി ഏതു വിഭാഗമാണെന്നത് തിരിച്ചറിയേണ്ടതുണ്ട്. ഇൗ ഘട്ടത്തിലേക്ക് എത്തുന്നതേയുള്ളൂ.
- അഡ്വ. മുഹമ്മദ് ഷാ, ഹൈക്കോടതി അഭിഭാഷകൻ