malinyam
ആയവന ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ പുന്നമറ്റത്ത് കാളിയാർ പുഴയിലെ മാലിന്യനിക്ഷേപം

മൂവാറ്റുപുഴ: മുനിസിപ്പൽ അധികാരികൾ മുൻകൈയെടുത്ത് നഗരകേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതിന്റെ ദുരിതംപേറുകയാണ് ആയവനക്കാർ. നഗരത്തിനോട് ചേർന്നുകിടക്കുന്ന പടിഞ്ഞാറെ പുന്നമറ്റത്ത് പാലച്ചുവടിന് സമീപമുള്ള കാളിയാർ പുഴയിലേക്കാണ് നഗരത്തിൽ തട്ടിയിരുന്ന മാലിന്യം ഇപ്പോൾ എത്തുന്നത്. നഗരത്തിലെ നിരീക്ഷണകാമറയിൽ കുടുങ്ങിയാൽ നടപടിയും പിഴയും ഉറപ്പായതോടെയാണ് മാലിന്യം നിക്ഷേപിക്കുന്നവർ തൊട്ടടുത്ത സ്ഥലത്തേക്ക് ചുവടുമാറ്റിയത്. ആയവന പഞ്ചായത്ത് കുളിക്കടവിന് സമീപം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനാൽ നാട്ടുകാർ ദുരിതത്തിലാണ്. അറവ് മാലിന്യങ്ങൾ, കേഴിക്കടകളിൽ നിന്നുള്ള വേസ്റ്റുകൾ, കെട്ടിടങ്ങൾ പൊളിച്ചതിന്റെ അവശിഷടങ്ങൾ മുതൽ വീട്ടുമാലിന്യങ്ങൾ വരെ നിത്യവും ദൂരെ ദിക്കുകളിൽ നിന്ന് രാത്രികാലങ്ങളിൽ വാഹനത്തിലെത്തിയാണ് ഇവിടെ തള്ളുന്നത്.

പരാതി നൽകി

മാലിന്യചാക്കുകളും കിറ്റുകളും പൊട്ടി മാലിന്യങ്ങൾ പുഴയിലൂടെ ഒഴുകിനടക്കുകയാണ്. കുളിക്കുന്നതിനായും വസ്ത്രം കഴുകുന്നതിനുമായി കുളിക്കടവിൽ എത്തുന്ന നാട്ടുകാർ കടുത്ത ദുരിതത്തിലാണ്. പുഴയിൽ മുങ്ങി നിവരുന്നവരുടെ ദേഹത്ത് മാലിന്യങ്ങൾ പറ്റിപ്പിടിക്കുന്ന അവസ്ഥയാണ്. ഇത് സംബന്ധിച്ച് ആർ.ഡി.ഒ, ആയവന പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവർക്ക് നാട്ടുകാർ പരാതി നൽകി നടപടി കാത്തിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇവിടെ പൊലീസ് പട്രോളിംഗ് ശക്തമാക്കുന്നതോടൊപ്പം ഈ പ്രദേശത്തും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.