മൂവാറ്റുപുഴ: ക്വട്ടേഷൻ സംഘങ്ങളെ സഹായിക്കുന്ന മൂവാറ്റുപുഴ പൊലീസിന്റെ നടപടിക്കെതിരെകേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സ്ഥാപനങ്ങൾ അടച്ചിട്ട് സമരം നടത്തും. ജില്ലാ കളക്ടറും, പോലീസ് മേധാവിയും,നിർദ്ദേശം നൽകിയിട്ടും ക്വട്ടേഷൻ സംഘത്തെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ പത്രസമ്മേളനത്തിൽ ആരോപിച്ചു. അസോസിയേഷൻ സംസ്ഥാന സമിതി അംഗം മുത്തേടത്ത് എം.പി.ഷിജുഅരനൂറ്റാണ്ട് കാലത്തോളം ഹോട്ടലിലേയ്ക്ക് വെള്ളം ശേഖരിച്ചിരുന്ന കിണർ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മണ്ണിട്ട് നികത്തി.വർഷങ്ങൾക്ക് മുമ്പ് കെട്ടിടമിരിയ്ക്കുന്ന സ്ഥലം വാങ്ങുമ്പോൾ കിണർ ഉപയോഗിക്കുന്നതിനുള്ള അനുമതി ആധാരത്തിൽ രേഖപ്പെടുത്തിയിരുന്നു.കച്ചേരിത്താഴം വികസനത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുൻഭാഗം പൊളിച്ച് നീക്കുന്ന പ്രവർത്തനം നടന്ന് വരികയാണ്. അതുകൊണ്ട് ഹോട്ടൽ അടച്ചിട്ടിരിക്കുകയാണ്. ഈ തക്കം നോക്കി കിണർ നികത്തുകയായിരുന്നു.ടിപ്പറിൽ മണ്ണെത്തിച്ചാണ് ആഴമുള്ള കിണർ മൂടിയത്. അർദ്ധരാത്രി നടന്ന അതിക്രമം രാവിലെയാണ് ഹോട്ടൽ ഉടമയുടെ ശ്രദ്ധയിൽപെട്ടത്.തുടർന്ന് മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി. എന്നാൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് ഷിജു പറഞ്ഞു. പ്രശ്‌നപരിഹാരമുണ്ടായില്ലങ്കിൽ സമരം ജില്ലയിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം എം.പി.ഷിജു, ജില്ലാ പ്രസിഡന്റ് അസീസ് മൂസ, ജില്ലാ സെക്രട്ടറി ടി.എസ്.മനോഹരൻ,താലൂക്ക് പ്രസിഡന്റ് വി.ആർ.സജീവൻ, സെക്രട്ടറി കെ.ജെ.തങ്കച്ചൻ എന്നിവരും പങ്കെടുത്തു.