gold-smuggling

കൊച്ചി: ബാലഭാസ്‌കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സുനിൽകുമാറിനെ എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ ചോദ്യം ചെയ്‌തു. ബാലഭാസ്‌കറിന്റെ ഷോ കോ ഓർഡിനേറ്ററായിരുന്ന പ്രകാശൻ തമ്പിയുമായുള്ള ബന്ധമാണ് പ്രധാനമായി ചോദിച്ചത്. ബാലഭാസ്‌കറിനുണ്ടായ അപകടം വിളിച്ചറിയിച്ചത് പ്രകാശൻ തമ്പിയാണെന്ന് സുനിൽ മൊഴി നൽകി. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും അനന്തപുരി ആശുപത്രിയിലുമെത്തി. പ്രകാശിന്റെ സഹായിയായാണ് പ്രവർത്തിച്ചത്. ബാലഭാസ്‌കറുമായി അടുപ്പത്തിലായതോടെ നേരത്തേ ഒരു വാഹനം വിറ്റ് പണം കൈമാറിയിരുന്നു. മരിക്കുന്നതിന് മുമ്പ് ഒരു വാഹനം വിറ്റ് ബി.എം.ഡബ്ളിയു കാർ വാങ്ങണമെന്ന് പറഞ്ഞിരുന്നു. പ്രകാശന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും സുനിൽ മൊഴി നൽകി.

ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷമാണ് സ്വർണക്കടത്ത് തുടങ്ങിയതെന്നാണ് പ്രകാശൻ തമ്പി ഡി.ആർ.ഐക്ക് നൽകിയ മൊഴി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്ന് സുനിൽ പറഞ്ഞു. ഇന്നലെ സ്വർണക്കടത്ത് കേസിൽ കീഴടങ്ങിയ മുഖ്യപ്രതികളിലൊരാളായ വിഷ്‌ണുവിനെ ചോദ്യം ചെയ്യുന്നതോടെ സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. ബാലഭാസ്‌കറിന്റെ മരണത്തിന് മുമ്പ് ഇവർ സ്വർണക്കടത്തിൽ ഏർപ്പെട്ടിരുന്നോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വിഷ്ണുവിന്റെ മൊഴി ഡി.ആർ.ഐയിൽ നിന്ന് ലഭിച്ച ശേഷം ജയിലിലെത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.