കൊച്ചി :മിനിമം വേതനം ആവശ്യപ്പെട്ട് സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷന്റെ (എ. ഐ. ടി .യു .സി ) നേതൃത്വത്തിൽ എറണാകുളം ഗാന്ധിനഗറിലെ സപ്ലൈകോ ഹെഡ് ഓഫീസിനുമുന്നിൽ ദിവസവേതനക്കാർ നടത്തി വരുന്ന സത്യാഗ്രഹസമരം ഒരാഴ്ച പിന്നിട്ടു.
സപ്ലൈകോ ഔട്ട്ലെറ്റുകളിൽ പത്തു മണിക്കൂർ പണിയെടുത്താൽ 425 രൂപയാണ് ഒരു ദിവസം ഇവർക്ക് ലഭിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച 600 രൂപ മിനിമം വേതനം നൽകാൻ ഇതുവരെ നടപടിയായിട്ടില്ല. ആറായിരത്തോളം ജീവനക്കാരാണ് ദിവസവേതനത്തിൽ പണിയെടുക്കുന്നത് . ഇരുപത് വർഷം വരെ സർവീസുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ദിവസവേതനക്കാരെയും പാക്കിംഗ് തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, മിനിമം വേതനം 600 രൂപയാക്കുക,തൊഴിലാളി വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, പെൻഷൻ, ഗ്രാറ്റുവിറ്റി, പ്രസവകാല ആനുകൂല്യങ്ങൾ എന്നിവയും ഈ വിഭാഗം തൊഴിലാളികൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശ്ശേരി ഇന്നല സമരം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സലിംകുമാർ, സി .വി. ശശി, ടി .എൻ. ദാസ്, എം .പി .രാധാകൃഷ്ണൻ, ഷാജി ഇടപ്പള്ളി, എം ആർ രാധാകൃഷ്ണൻ, കൃഷ്ണൻകുട്ടി, കമല സദാനന്ദൻ, പി .എ. ജിറാർ തുടങ്ങിയവർ സംസാരിച്ചു.