കൊച്ചി : മഹാരാജാസ് കോളേജിലെ അദ്ധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സന്ദേശം ലഭിച്ച പൊലീസും സഹപ്രവർത്തകരും പാഞ്ഞെത്തിയപ്പോൾ കണ്ടത് ഒന്നും അറിയാത്തമട്ടിൽ ചായ കുടിക്കുന്ന അദ്ധ്യാപികയെ. താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചില്ലെന്ന് വ്യക്തമാക്കിയതോടെ പൊലീസുൾപ്പെടെ പിൻവാങ്ങി.
ഇന്നലെ വൈകിട്ട് അഞ്ചോടെ കോളേജിലെ അദ്ധ്യാപകരുടെ ഹോസ്റ്റലിലാണ് നാടകീയസംഭവങ്ങൾ. ഹോസ്റ്റലിൽ താമസിക്കുന്ന ഒരു അദ്ധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിക്കുന്നെന്ന് സുഹൃത്തായ അഭിഭാഷകനാണ് പൊലീസിനെ അറിയിച്ചത്. പിന്നാലെ മറ്റൊരു സുഹൃത്തിന്റെ വിളിയുമെത്തി. വിവരമറിഞ്ഞതോടെ കോളേജ് പരിസരത്ത് റോന്തു ചുറ്റിയിരുന്ന പൊലീസ് ഹോസ്റ്റിലിലേയ്ക്ക് കുതിച്ചു. വിവരമറിഞ്ഞ അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും പിന്നാലെ പാഞ്ഞു.
പൊലീസ് എത്തിയപ്പോൾ അദ്ധ്യാപിക ചായയുണ്ടാക്കി കുടിക്കാനുള്ള ഒരുക്കത്തിലായിരുന്നു. താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്നും ചെയ്യുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ധ്യാപിക അറിയിച്ചു. ഓടിവന്നവരെ ശാസിക്കുകയും ചെയ്തു. പൊലീസിനെ വിളിച്ച അഭിഭാഷകൻ തന്നോട് ആത്മഹത്യ ചെയ്യുകയാണെന്ന് അദ്ധ്യാപിക അറിയിച്ചതായി ആവർത്തിക്കുകയും ചെയ്തു.
മഹാരാജാസിൽ നിന്ന് മറ്റൊരു കോളേജിലേയ്ക്ക് സ്ഥലം മാറ്റത്തിന് തയ്യാറാക്കിയ പട്ടികയിൽ അദ്ധ്യാപിക ഉൾപ്പെട്ടിട്ടുണ്ട്. രോഗിയായ സഹോദരനെ പരിചരിക്കുന്ന അവാഹിതയായ അദ്ധ്യാപികയ്ക്ക് സ്ഥലം മാറ്റത്തോട് താല്പര്യമില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. സ്ഥലം മാറ്റം ഒഴിവാക്കാനുള്ളശ്രമമാണ് ആത്മഹത്യാ പ്രചാരണമെന്ന ആശ്വാസത്തിലാണ് സഹപ്രവർത്തകർ.