സംഭവം എളംകുളത്ത്
കൊച്ചി: ലൈൻ വലിക്കുന്നതിനിടെ പോസ‌്റ്റിന് മുകളിൽവച്ച‌് വൈദ്യുതാഘാതമേറ്റ കെ.എസ‌്.ഇ.ബി കരാർ തൊഴിലാളി ആലപ്പുഴ തുറവൂർ വളമംഗലം രജിതാനിവാസിൽ റെജികുമാർ (45) മരിച്ചു. ഇന്നലെ വൈകിട്ട‌് 4.20ന‌് എളംകുളം ചെറുപുഷ‌്പം പള്ളിക്കു സമീപമാണ‌് അപകടം.
സുരക്ഷാ ബെൽറ്റ‌് ധരിച്ചിരുന്നതിനാൽ തെറിച്ചുവീഴാതെ കമ്പിയിൽ കുടുങ്ങിയ റെജികുമാറിനെ അഗ്നിസുരക്ഷാസേനാംഗങ്ങളെത്തിയാണ് താഴെയിറക്കിയത്. കൃത്രിമ ശ്വാസോച്ഛ്വാസം നൽകി സേനയുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചു മിനിട്ടിനകം മരിച്ചു.
പണി പൂർത്തിയാകും മുമ്പ‌് വൈദ്യുതി പ്രവഹിപ്പിച്ചതാണ‌് അപകടകാരണമെന്നാണ‌് പ്രാഥമിക നിഗമനം. എന്നാൽ സംഭവസമയത്ത‌് ലൈൻ ഓൺചെയ‌്തിരുന്നില്ലെന്നാണ‌് ഉദ്യോഗസ്ഥരുടെ വാദം. കെ.എസ‌്.ഇ.ബിയും ഇലക‌്ട്രിക്കൽ ഇൻസ‌്പെക്ടറേറ്റും അന്വേഷിക്കുമെന്ന‌് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കടവന്ത്ര പൊലീസ‌് കേസെടുത്തു. സബിതയാണ് റെജികുമാറിന്റെ ഭാര്യ. മക്കൾ : അക്കു, ആര്യ.