library-file
പേഴയ്ക്കാപ്പിള്ളി ആസാദ് ലെെബ്രറി ആൻഡ് റീഡിംഗ് റൂം മന്ദിരം

മൂവാറ്റുപുഴ: പി.എൻ. പണിക്കരുടെ ചരമവാർഷിക ദിനമായ ഇന്ന് ആരംഭിക്കുന്ന വായന പക്ഷാചരണം ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലായ് 7 ന് സമാപിക്കും. ഇതോടനുബന്ധിച്ച് വിപുലമായ സാംസ്‌കാരിക പരിപാടികൾക്ക് പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറി നേതൃത്വം നൽകും. വായന മരിക്കുന്നല്ലെന്നും വായനയാണ് ഞങ്ങളെ പൂർണതയിലെത്തിക്കുന്നതെന്നുമുള്ള പ്രതിജ്ഞ ഇന്ന് രാവിലെ പത്തിന് നാട്ടുകാരും പേഴയ്ക്കാപ്പിള്ളി ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികളും ഒത്തൊരുമിച്ചെടുക്കും. ഗ്രന്ഥശാലയിലെ എല്ലാ അംഗങ്ങളേയും മറ്റുള്ളവരെയും പുസ്തകവായനയിലേക്ക് അടുപ്പിക്കുവാൻ 15 ദിവസം വിവിധ പരിപാടികൾക്ക് രൂപം കൊടുത്തിട്ടുണ്ട്. തകഴിയുടേയും ബഷീറിന്റേയും പുസ്തകങ്ങളെക്കുറിച്ച് ചർച്ച. വനിതകളുടേയും വയോജനങ്ങളുടേയും യുവാക്കളുടേയും കുട്ടികളുടേയും സംഗമങ്ങൾ, വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വനിതകൾക്കും പ്രത്യേകം വായനാ മത്സരങ്ങൾ എന്നിവ നടക്കും.

നാടിന്റെ വെളിച്ചമായ ഗ്രന്ഥാലയം

1966 ൽ സ്ഥാപിച്ച ഈ ഗ്രന്ഥാലയം നാടിന്റെ വെളിച്ചമായും വഴികാട്ടിയായും പേഴയ്ക്കാപ്പിള്ളിയിൽ തലയുയർത്തി നിൽക്കുന്നു. നിരവധി നേട്ടങ്ങൾ ഗ്രന്ഥശാല വഴി നാട്ടുകാർക്ക് ലഭിക്കുന്നു. തുടർ വായനയിലൂടേയും ഗ്രന്ഥശാല നടത്തുന്ന കോച്ചിംഗ് ക്ലാസിലൂടെയും അറിവുനേടിയ നിരവധിപേരാണ് വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചുകൊണ്ടിരിക്കുന്നത്. 1582 അംഗങ്ങളുള്ളതിൽ 800 പേർ സ്ഥിരാംഗങ്ങളാണ്. ബി ഗ്രേഡിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയിൽ 5573 പുസ്തകങ്ങളും രണ്ട് ഇംഗ്ലീഷ് പത്രമുൾപ്പടെ 10 പത്രങ്ങളും 21 ആനുകാലികങ്ങളുമുണ്ട്. രാവിലെ ഏഴിന് തുറക്കുന്ന ലൈബ്രറി രാത്രി ഒമ്പതിനാണ് അടക്കുന്നത്. ഈ വിജ്ഞാന സേവന കേന്ദ്രം, യുവത, രക്തബാങ്ക്, വനിതാവേദി ,സ്‌പോർട്‌സ് ക്ലബ്, സൗജന്യ ഇന്റർനെറ്റ് വൈഫൈ സൗകര്യവും എന്നിവ ഇവിടെയുണ്ട്. സുവർണ ജൂബിലി വർഷത്തിൽ മൂവാറ്റുപുഴ താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരം, യുപി തല വായന മത്സരത്തിൽ താലൂക്കിൽ ഒന്നും രണ്ടും സ്ഥാനം, ഹയർസെക്കൻഡറി തല വായന മത്സരത്തിൽ താലൂക്കിൽ ഒന്നാം സ്ഥാനം എന്നിവ നേടിയിട്ടുണ്ട്. പായിപ്ര ഗ്രാമപഞ്ചായത്തിലെ നേതൃസമിതിയുടെ ആസ്ഥാനവും ഇവിടെയാണ്. 20 പൊതുപരിപാടികൾ കഴിഞ്ഞവർഷം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എം.എം. ഫൈസൽ, സെക്രട്ടറി ടി.ആർ. ഷാജു, ലൈബ്രേറിയൻ മുഹമ്മദ് അൽത്താഫ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.