പറവൂർ : മഴ പെയ്തതോടെ പതിവു തെറ്റാതെ ഇത്തവണയും പറവൂർ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളെത്തി. പെരുവാരം, നന്ത്യാട്ടുകുന്നം, തോന്ന്യകാവ്, വഴിക്കുളങ്ങര, പുല്ലംകുളം, കെടാമംഗലം എന്നിവടങ്ങളിലാണ് ഒച്ച് ശല്യം. കഴിഞ്ഞ ഏഴ് വർഷത്തോളമായി മഴയ്ക്ക് പിന്നാലെ ഒച്ച് ശല്യം പതിവാണ്. പകർച്ചവ്യാധികൾ പടരാൻ കാരണമായേക്കാവുന്ന ആഫ്രിക്കൻ ഒച്ചിനെ പൂർണമായും തുരത്തുന്നതിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. പറമ്പിലും വീടിന്റെ മതിൽ, ചുമരുകൾ എന്നിവടങ്ങളിലാണ് ഒച്ചുകൾ നിറയുന്നത്. പുറത്തു സൂക്ഷിക്കുന്ന പാത്രങ്ങളിലും ഇവ പറ്റിപിടിച്ചിരിക്കും. നാടൻ ഒച്ചുകളെക്കാൾ വലിപ്പമുള്ളവയാണ് ആഫ്രിക്കൻ ഒച്ചുകൾ. ഇവ പെരുകുന്നത് പകർച്ചവ്യാധികൾ പടരാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിദ്ധ്യം ചില രോഗങ്ങൾ പടരാൻ കാരണമായേക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. കാർഷിക വിളകൾക്കും ഒച്ച് ഭീഷണിയാണ്. ചേമ്പ്, ചേന, വെണ്ട, ചീര, പയർ, വാഴ തുടങ്ങിയവ വിളകൾക്ക് ഇവ നാശമുണ്ടാക്കുന്നു .ഉപ്പ് വിതറിയും പുകയില കഷായവും തുരിശും ചേർത്ത മിശ്രിതം തളിച്ചുമാണ് ഇവരെ താത്കാലികമായി നിയന്ത്രിക്കുന്നത്. രാസമരുന്നുകൾ ഉപയോഗിച്ചാൽ പൂർണമായും ഉന്മൂലനം ചെയ്യാൻ കഴിയുമെങ്കിലും ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. ഗ്ലൗസ് ഇടാതെ ഒച്ചിനെ തൊടരുതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒച്ചിന്റെ ശരീരത്തിൽ നിന്നും വരുന്ന ദ്രവം മനുഷ്യശരീരത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. കിണറുകൾക്കകത്ത് ഒച്ചുകൾ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ തിളച്ചിച്ച വെള്ളം മാത്രമേ കൂടിക്കാവൂ. അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അധിനിവേശ ജീവിയായ ഒച്ചിനെ സൂക്ഷിക്കണമെന്നും അവയുടെ വ്യാപനം തടയണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആഫ്രിക്കൻ ഒച്ച്
അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ച് അഥവാ രാക്ഷസ ഒച്ച് ,മൊലുസ്‌ക്ക ഫയ്‌ലത്തിൽ , ഗസ്‌ട്രോപോട ക്ലാസ്, അക്കാറ്റിനിടെ കുടുംബത്തിലെ അക്കാറ്റിന ജെനുസ്സിൽ പെട്ട ഇനമാണ് . സസ്യങ്ങളുടെ ഇലകൾ തിന്നു നശിപ്പിക്കുന്നത് കൂടാതെ ഇവ മനുഷ്യരിൽ മസ്തിഷ്‌ക ജ്വരം പടർത്തുന്നതിന് ഈ ഒച്ച് ഉത്പാദിപ്പിക്കുന്ന ചെറു വിരകൾ കാരണമാകുമെന്ന് സംശയിക്കുന്നൊണ്ട് .കേരളത്തിൽ ഇവയുടെ ശല്യം വർദ്ധിച്ചതിനാൽ, പീച്ചിയിലെ വന ഗവേഷണ കേന്ദ്രം, കോട്ടയത്തെ ടയിസ് എന്ന സംഘടന, കൊച്ചിൻ കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം എന്നിവർ ഇതേക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്.