ആലുവ: വ്യാപാരശാലയിലേക്ക് വഴിയില്ലാത്തതിൽ പ്രതിഷേധിച്ച് അറവ് മാലിന്യം മാർക്കറ്റിൽ അലക്ഷ്യമായി ഉപേക്ഷിച്ചയാൾക്കെതിരെ നഗരസഭാ ആരോഗ്യവിഭാഗം നടപടിയെടുത്തു. സ്റ്റാളിൽ വിൽപന വച്ചിരുന്ന മാംസം പിടിച്ചെടുക്കുകയും സ്ഥാപം പൂട്ടി സീൽ വെയ്ക്കുകയും ചെയ്തു.
മാർക്കറ്റിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. തിങ്കളാഴ്ച്ച ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ മാർക്കറ്റിൽ പരിശോധനക്ക് ചെന്നപ്പോൾ മാംസ അവശിഷ്ടങ്ങൾ കടയുടെ പുറത്ത് അലക്ഷ്യമായി ഇട്ടിരുന്നത് കണ്ടെത്തിയിരുന്നു. കാലികളുടെ തലയോട്ടികൾ, കുടൽ അടക്കമുള്ള ആന്തരിക അവയവങ്ങൾ തുടങ്ങിയവയാണ് ഇട്ടിരുന്നത്. ഇത് നീക്കം ചെയ്യാൻ വ്യാപാരിയായ ഷെല്ലി വർഗീസിനോട് ആവശ്യപ്പെട്ടിരുന്നു. മാലിന്യം നീക്കം ചെയ്‌തോയെന്ന് പരിശോധിക്കാൻ ഇന്നലെ ഉദ്യോഗസ്ഥ സംഘം മാർക്കറ്റിൽ എത്തിയപ്പോഴും മാലിന്യങ്ങൾ ഇവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു. ഇതേ തുടർന്നാണ് സ്റ്റാളിൽ വിൽപനക്ക് വച്ചിരുന്ന മാംസം പിടിച്ചെടുത്തത്. സംഭവത്തിൽ തുടർ നടപടിയുടെ ഭാഗമായി വ്യാപാരിക്ക് നോട്ടീസ് നൽകുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ എം.എൻ. ഗോപകുമാർ പറഞ്ഞു.
ഹെൽത്ത് ഇൻസ്‌പെക്ടർ വി. സുനിൽ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.എം. സീന, അഖിൽ ജിഷ്ണു, ടി. പ്രശാന്ത്, ഇ.ആർ. വിനോദ്, നൗഫിയ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ഇവർക്ക് സംരക്ഷണം നൽകാൻ ഈസ്റ്റ് പൊലീസും എത്തിയിരുന്നു.