പറവൂർ : കായിക മേഖലയിൽ നിലനിൽക്കുന്ന പ്രശനങ്ങൾക്ക് സർക്കാർ പരിഹാരം കാണാത്തതിൽ പ്രതിക്ഷേധിച്ച് പറവൂർ ഉപജില്ലയിലെ കായിക അദ്ധ്യാപകർ ഈ വർഷത്തെ എല്ലാ കായിക മത്സരങ്ങളും ബഹിഷ്കരിക്കും. ഒഴിവുള്ള കായിക അദ്ധ്യാപക തസ്തികകളിൽ നിയമനങ്ങൾ നടത്തുക, സിലബസ്സും പാഠപുസ്തകവും നിരന്തര അദ്ധ്യാപക പരിശീലനവും നടക്കുന്ന ഈ മേഖലയുടെ ശരിയായ വളർച്ചയ്ക്ക് വേണ്ടി എല്ലാ സ്കൂളിലും കായിക അദ്ധ്യാപകരെ നിയമിക്കുക, ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി, തലങ്ങളിൽ നിയമനം ലഭിച്ചിരിക്കുന്നതനുസരിച്ചു ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുക. എല്ലാ വിദ്യാലയങ്ങളിലും കായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ബഹിഷ്കരണം. ഇതു ഉന്നയിച്ചുള്ള നിവേദനം പറവൂർ എ.ഇ.ഒ ഉഷയ്ക്ക് കായിക അധ്യാപക സംഘടന മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് മാത്യു, വോളിബാൾ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.ആർ. ബിന്നി എന്നിവരും ഉപജില്ലയിലെ കായിക അദ്ധ്യാപകരും ചേർന്ന് നൽകി. സർക്കാർ ഉചിതമായ തീരുമാനം എടുത്തില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാന തലത്തിൽ ബഹിഷ്കരണം നടത്തുവാനാണ് എല്ലാ ഉപജില്ലയിലെയും കായിക അധ്യാപകർ തീരുമാനം എടുത്തിരിക്കുന്നത്. പല ജില്ലകളിലെ സെക്രട്ടറിയേറ്റിനു മുന്നിൽ കായിക അദ്ധ്യാപകരുടെ ഉപവാസ സമരപരിപാടികൾ ആരംഭിച്ചിട്ടുണ്ട്.