കൊച്ചി: നിയമപരമായ എല്ലാ രേഖകളും സഹിതം ഫ്ളാറ്റുകൾ വാങ്ങിയ തങ്ങളെ നഗരസഭയും സർക്കാർ ഉദ്യോഗസ്ഥരും കെട്ടിട നിർമ്മാതാക്കളും ചേർന്ന് ബലിയാടാക്കുകയാണെന്ന് പൊളിച്ചുമാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ താമസക്കാർ. ചട്ടം ലംഘിച്ച നിർമ്മാണമെന്ന് എല്ലാവരും മറച്ചുവച്ചു. റിവ്യൂ ഹർജിയിൽ മാത്രമാണ് പ്രതീക്ഷയെന്ന് കുടിയിറക്കുഭീഷണി നേരിടുന്നവർ പറഞ്ഞു.

സുപ്രീം കോടതിൽ കേസുള്ളതായോ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന ആക്ഷേപങ്ങളോ ബിൽഡർമാർ അറിയിച്ചിട്ടില്ലെന്ന് ആൽഫാ സെറീൻ ഫ്ളാറ്റുടമകൾ പറഞ്ഞു. തീരദേശ പരിപാലന മാപ്പിംഗിൽ വന്ന അപാകതയ്ക്ക് ബലിയാടായത് ഫ്ളാറ്റുകൾ വാങ്ങിയവരാണ്. തങ്ങളുടെ ഭാഗം സുപ്രീം കോടതിയിൽ ഉന്നയിക്കാൻ കഴിഞ്ഞില്ല. റിവ്യൂ ഹർജിയിൽ ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ടെന്നും ആൽഫാ സെറീൻ അപ്പാർട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് റഷീദ് ഉസ്‌മാൻ, സെക്രട്ടറി സെൻ ഈപ്പൻ, വക്താവ് സൂരജ് കൃഷ്ണ എന്നിവർ പറഞ്ഞു.

# രേഖകൾ പക്കാ : നികുതി വാങ്ങുന്നു

ബിൽഡർ നൽകിയ അംഗീകാര പത്രങ്ങളും ബാങ്ക് വായ്പ സംബന്ധിച്ച രേഖകളും പരിശോധിച്ചാണ് ഫ്ളാറ്റ് വാങ്ങിയത്. സ്റ്റാമ്പ് ഡ്യൂട്ടി, കെട്ടിട നികുതി, സ്ഥല നികുതി എന്നിവ കൃത്യമായി അടച്ചിട്ടുണ്ട്. വൈദ്യുതി, പാചകവാതകം ചാർജുകളും നൽകുന്നുണ്ട്. അപ്പോഴും യാതൊരു നിയമപ്രശ്‌നങ്ങളും ആരും ചൂണ്ടിക്കാട്ടിയില്ല.

ചട്ടപ്രകാരമല്ല നിർമ്മാണമെങ്കിൽ ഏതെങ്കിലും ഘട്ടത്തിൽ നോട്ടീസ് നൽകുകയോ നിറുത്തി വയ്പ്പിക്കുകയോ ചെയ്യാമായിരുന്നു. ഒരു സുപ്രഭാതത്തിൽ പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥയാണ്. ആൽഫാ സെറീൻ എന്ന വിലാസത്തിൽ ആധാർ, വോട്ടർ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, റേഷൻ കാർഡ് എന്നിവ താമസക്കാർക്കുണ്ട്.

# വകുപ്പുകൾ അനങ്ങിയില്ല

സർക്കാർ വകുപ്പുകൾ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ സാധാരണക്കാർക്ക് ഈ ഗതി വരില്ലായിരുന്നു. കിടപ്പുരോഗികളും വിധവകളും പ്രായമായവരും താമസക്കാരാണ്. അവർക്ക് പെരുവഴിയിൽ ഇറങ്ങേണ്ടിവരും. തങ്ങളുടേതല്ലാത്ത കുറ്റത്തിന് കിടപ്പാടം നഷ്ടമാകേണ്ട അവസ്ഥയിലാണ് താമസക്കാരെന്ന് സൂരജ് കൃഷ്ണ പറഞ്ഞു.

# വിനയായത് വീഴ്ചകളും അലംഭാവവും

മാപ്പിംഗ് സംബന്ധിച്ച് വന്ന വീഴ്ചകളും അലംഭാവവുമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിലേക്ക് നയിച്ചത്. 2014 മാപ്പിംഗ് തയ്യാറാക്കുന്നതിൽ കാലതാമസം വന്നതിന് കേരള കോസ്റ്റൽ സോൺ അതോറിറ്റിയെ ഹൈക്കോടതി ശാസിക്കുക പോലുംചെയ്തു. ഉദ്യോഗസ്ഥ തലത്തിലും മാപ്പിംഗ് തയാറാക്കുന്നതിലും വന്ന വീഴ്ചകൾക്ക് തങ്ങളെ ബലിയാടാക്കരുതെന്ന് ഫ്ളാറ്റുടമകൾ അഭ്യർത്ഥിച്ചു.