മൂവാറ്റുപുഴ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പിങ്ക് പൊലീസ് പട്രോൾ സംവിധാനം മൂവാറ്റുപുഴയിലും പ്രവർത്തനം ആരംഭിച്ചു. ആലുവ കൺട്രോൾ റൂം അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഫ്‌ളാഗ് ഓഫ് ചെയ്തു. അഡീഷണൽ എസ്.പി എം.ജെ. സോജൻ , ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി റെജി എബ്രഹാം പി, ജില്ലാ സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി ആർ.റാഫി., ആലുവ ഡിവൈ.എസ്.പി .കെ.എ. വിദ്യാധരൻ, മൂവാറ്റുപുഴ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് എന്നിവർ സംസാരിച്ചു.
പിങ്ക് പൊലീസ് പട്രോളിൽ ഒരു വനിതാ സബ് ഇൻസ്‌പെക്ടർ, രണ്ട് വനിതാ കോൺസ്റ്റബിൾമാർ, ഒരു വനിതാ പൊലീസ് ഡ്രൈവർ എന്നിവരാണ് ഡ്യൂട്ടിയിൽ ഉണ്ടാകുന്നത്. ഏതു ഫോണിൽ നിന്നും 1515 എന്ന നമ്പരിലേക്ക് വിളിച്ചാൽ സേവനം ലഭ്യമാകും.
തുടർന്ന് സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം സംബന്ധിച്ച് രൂപീകരിച്ച റൂറൽ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ ത്രൈമാസമീറ്റിംഗും നടന്നു. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാ സദാനന്ദൻ, അഡ്വ. അഞ്ജലി സൈറസ്, അഡ്വ. മരിയ ജോയ്, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് അസി. പ്രൊഫസർ ഷൈനിയ ഫൗസ്റ്റസ്, ഫാമിലി കൗൺസിലർമാരായ സിസ്റ്റർ ലിനറ്റ് ചക്കിയത്ത്, സിസ്റ്റർ മൃദുല, സിസ്റ്റർ അർപ്പിത, മേരി കുര്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ജഗദംബിക, വനിതാ സെൽ സബ് ഇൻസ്പക്ടർമാരായ പി.എം. സൈനബ, എ.എസ്. ഉഷ, പി. ചന്ദ്രിക, ഖദീജ എന്നിവർ സംസാരിച്ചു.