കൊച്ചി: നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികൾക്കായി എത്തിച്ച ഹാഷിഷ് ഓയിലുമായി എറണാകുളം മുളവുകാട് സ്വദേശികളും സഹോദരങ്ങളുമായ ഷാരൂൺ (23), ശരത്ത് (22), മറ്റൊരു മുളവുകാട് സ്വദേശി പ്രണവ് (20) എന്നിവരെ ഷാഡോ പൊലീസ് പിടികൂടി.
മുളവുകാട്ടെ റിസോർട്ടിൽ ശനിയാഴ്ച റേവ് പാർട്ടി സംഘടിപ്പിക്കാനായിരുന്നു പദ്ധതി. പ്രതികളെ കണ്ടെയ്‌നർ റോഡിൽ നിന്നാണ് പിടികൂടിയത്. ബംഗളുരൂ ബൊമ്മനഹള്ളിയിൽ നിന്നും എത്തിയ ഇവരിൽ നിന്നും അഞ്ച് ഗ്രാം വീതമുള്ള പായ്ക്ക് ചെയ്ത നിരവധി ബോട്ടിൽ ഹാഷിഷ് കണ്ടെടുത്തു. ബംഗളുരൂ, ഗോവ എന്നിവിടങ്ങളിൽ നിന്നും നഗരത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ റിസോർട്ടുകളിലും മറ്റും അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ നുഴഞ്ഞ് കയറിയ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മിഷണർ എസ്.ടി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോസംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കുടുക്കിയത്. റേവ് പാർട്ടി നടത്തിപ്പുകാർക്ക് അഞ്ച് ഗ്രാമിന്റെ ഒരു ബോട്ടിൽ ഹാഷിഷ് ഓയിൽ നാലായിരം രൂപയ്ക്കായിരുന്നു ഇവർ വിറ്റിരുന്നത്.