അങ്കമാലി.അങ്കമാലിൽ ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുമെന്ന് റവന്യുമന്ത്രി. പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടി അങ്കമാലി എം.എൽ.എ റോജി എം. ജോൺ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. അങ്കമാലി വില്ലേജിലെ ഭൂമിയുടെ ന്യായവിലയിൽ വ്യാപകമായ ക്രമക്കേട് മൂലം നൂറ്കണക്കിന് അപ്പീൽ അപേക്ഷകളാണ് താലൂക്ക് ഓഫീസിലും, ആർ. ഡി ഓഫീസിലും, കളക്ട്രേറ്റിലും കെട്ടിക്കിടക്കുന്നത്. ബി.ടി.ആറിൽ പാടം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിക്ക് പോലും ലക്ഷങ്ങളാണ് ന്യായവില നിശ്ചയിച്ചിരിക്കുന്നത്. വീട് ഇല്ലാത്തവർക്ക് ഒരു വീട് വയ്ക്കാൻ പോലും ഭൂമി വാങ്ങാൻ സാധിക്കാത്ത സാഹചര്യമാണ് അങ്കമാലിയിൽ നിലനിൽക്കുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇതെ വിഷയം കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിലും എം.എൽ.എ ഉന്നയിച്ചിരുന്നു. കെട്ടിക്കിടക്കുന്ന അപേക്ഷകൾക്ക് തിർപ്പ് കൽപ്പിക്കാൻ ഒരു അദാലത്ത് നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ന്യായവിലയിലെ അപാകതകൾ പരിഹരിക്കാൻ അദാലത്ത് നടത്തുവാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ജൂൺ 27 വരെ ഇതിനായി അപേക്ഷകൾ സ്വീകരിക്കുകയും ജൂലൈ 27ന് അദാലത്ത് നടത്തുന്നതുമായിരിക്കും. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകുമെന്നും റവന്യു മന്ത്രി അറിയിച്ചതായി റോജി എം. ജോൺ എം.എൽ.എഅറിയിച്ചു.