പെരുമ്പാവൂർ: പാണംകുഴിയിലെ ജനവാസ മേഖലയിൽ കാട്ടാന കൂട്ടമായിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി പത്തോടെ പെരിയാറിന്റെ മറുകരയിലുള്ള വെമ്പൂരം തുരുത്തിൽ നിന്നെത്തിയ കാട്ടാനക്കൂട്ടം പെരിയാർ നദി കടന്ന് മൂന്നുദിവസമായി ജനവാസ കേന്ദ്രത്തിലുണ്ട്. ഇടയ്ക്കിടെയുള്ള ചിന്നം വിളി കേട്ട് ഭീതിദരാണ് പ്രദേശവാസികൾ.
മറ്റമന സുനിൽ, അനിൽ, സാബു, വർക്കിച്ചൻ, എൽദോ, ജോർജ്, ജേക്കബ്, എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. ആനക്കൂട്ടം പാണംകുഴി പ്രദേശത്തോട് ചേർന്ന് കിടക്കുന്ന കോടനാട് വരെ വിസ്തൃതമായ അഭയാരണ്യത്തിന്റെ കിഴക്കേകവാടത്തിലെ തേക്ക് തോട്ടത്തിലേക്ക് കടന്നത് ഏറെ ഭയാശങ്കയോടെയാണ് നാട്ടുകാർ കാണുന്നത്. ഈ പ്രദേശത്തേക്ക് ആനകൾ വന്നാൽ കാട്ടിലേയ്ക്ക് തിരിച്ച് പോകാറില്ലെന്നതാണ് കാരണം. ആനകളെ വിരട്ടാൻ പലതും ചെയ്തിട്ടും യാതൊരു കൂസലുമില്ലാതെ ആനക്കൂട്ടം കൃഷി നശിപ്പിക്കുകയാണ്. വീടുകൾക്ക് തൊട്ടടുത്തെത്തിയ ആനക്കൂട്ടം കണ്ട് സ്ത്രീകളും കുട്ടികളുൾപ്പടെയുള്ള ആളുകൾ പേടിച്ച് വിറച്ചാണ് കഴിയുന്നത്.
# സോളാർ ഫെൻസിംഗ് നിർമ്മിക്കണം
പാണംകുഴി പ്രദേശത്തെ പുഴത്തീരത്ത് രണ്ട് കിലോമീറ്റർ ദൂരത്തിൽ അടിയന്തരമായി സോളാർ ഫെൻസിംഗ് നിർമ്മിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സരള കൃഷ്ണൻകുട്ടി, എം.പി. പ്രകാശ്, വാർഡ് മെമ്പർ ആന്റോ പോൾ, വി.എസ്.എസ് പ്രസിഡന്റ് പി. ടി. ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.