കൊച്ചി: മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പൊതുജനം കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറും പമ്പ്സെറ്റും അവിടെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ സയാനയിൽ നിന്നുള്ള മഴവെള്ളം ഒഴുക്കിക്കളയുന്നതിനുള്ള ഓടയും അനധികൃതമായി കൈയേറി ഇടിച്ചുനിരത്തിയ കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പ്രതിഷേധയോഗം കെ.എച്ച്.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലെ മുഴുവൻ ഹോട്ടലുകളും അടച്ചിട്ട് സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ് വി.ആർ. സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് അസീസ് മൂസ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ. ബാബു, എറണാകുളം ജില്ലാസെക്രട്ടറി ടി.ജെ. മനോഹരൻ, കോട്ടയം ജില്ലാ സെക്രട്ടറി എൻ. പ്രതീഷ്, സയാന ഹോട്ടലുടമ എം.പി ഷിജു, മുൻ സംസ്ഥാന സെക്രട്ടറി ടി.സി റഫീഖ്, ജില്ലാവർക്കിംഗ് പ്രസിഡന്റ് സി.കെ അനിൽ, യൂണിറ്റ് സെക്രട്ടറി കെ.ജെ തങ്കച്ചൻ എന്നിവർ സംസാരിച്ചു.