shuhaib-

കൊച്ചി : മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി ബന്ധമുള്ള രാഷ്ട്രീയ നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. കേസന്വേഷണം സി.ബി.ഐയ്ക്കു വിട്ട സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചോദിച്ചത്.

സംഭവം രാഷ്ട്രീയ കൊലപാതകമാണ്. ഗൂഢാലോചനയും രാഷ്ട്രീയ ഉന്നതരുടെ പങ്കും അന്വേഷിച്ചോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. കേസിന്റെ ഗൂഢാലോചന അന്വേഷിച്ചിരുന്നെന്നും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേർക്കും വാഹനത്തിന്റെ ഡ്രൈവർക്കും പുറമേ ആറ് പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഇവരെ പ്രതി ചേർത്തെന്നും സർക്കാരിനു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ വിജയ് ഹൻസാരിക വാദിച്ചു.

പ്രാദേശിക തലത്തിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകളുണ്ടാവാമെങ്കിലും ഉന്നതരുടെ അറിവില്ലാതെ ഇത്തരമൊരു സംഭവം നടക്കുമോയെന്ന് കോടതി ചോദിച്ചു. പ്രധാന നേതാവിനൊപ്പം പ്രതി നിൽക്കുന്ന ചിത്രം പ്രചരിക്കുന്നുണ്ട്. ഇതു സെൽഫിയുടെ കാലമാണ്. എന്നാൽ ഉന്നതർക്ക് പങ്കുണ്ടോയെന്ന് ജനങ്ങളിൽ തോന്നലുണ്ടാക്കാൻ ഇത്തരം ചിത്രങ്ങൾ മതി. സംശയങ്ങൾ ഇല്ലാതാക്കാൻ അന്വേഷണം ഉയർന്ന തലത്തിലേക്ക് പോകണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ഹർജി കൂടുതൽ വാദത്തിനായി ഇന്നും പരിഗണിക്കും.