കൊച്ചി: നവോത്ഥാന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ശബരിമല പോലുള്ള പ്രശ്നങ്ങൾ ഇനിയും ഉയർന്നുവരുമെന്നും കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളി അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നവോത്ഥാന സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ പരിഷ്‌കാരങ്ങൾക്ക് വേണ്ടി അധികാരം ത്യജിച്ച പാരമ്പര്യമുള്ള നാടാണ് കേരളം. നവോത്ഥാനത്തിന് കുറുക്കുവഴിയൊന്നുമില്ല. ആർ.എസ്.എസ് അജണ്ട തകർക്കൽ മാത്രമല്ലിത്. യാഥാസ്ഥിതിക ശക്തികൾക്ക് പ്രതിപക്ഷം പിന്തുണ നൽകുകയാണ്. ശബരിമല പ്രശ്നം ആയുധമാക്കിയ എൻ.ഡി.എയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടായി. എന്നാൽ പ്രതിയോഗികളെ വിജയികളായി പ്രഖ്യാപിക്കാനാണ് ശ്രമമുണ്ടായത്. നവോത്ഥാന പ്രവർത്തനവും വിശ്വാസ സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. ഇക്കാര്യത്തിൽ സർക്കാരും ഇടതുപക്ഷവും ആശയ വ്യക്തത വരുത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം താത്കാലികമാണ്. ആര് കൈയ്യൊഴിഞ്ഞാലും സാമൂഹ്യ വിപ്ലവ പ്രവർത്തനങ്ങളിൽ നിന്നും കെ.പി.എം.എസ് പിന്നോട്ട് പോകില്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം ജനാധിപത്യവൽക്കരിക്കാനുള്ള സർക്കാരിന്റെ ശ്രമം വിപ്ലവകരമാണ്. അതിന്റെ നേതൃത്വം ഏറ്റെടുക്കാൻ അയ്യൻകാളിയുടെ പിൻമുറക്കാർക്ക് കഴിയണം. ശബരിമല പോലുള്ള പ്രശ്‌നങ്ങൾ ഇനിയും ഉയർന്നുവരാൻ സാധ്യതയുണ്ട്. നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തി കുറയുമ്പോഴാണ് ജീർണത വളരുന്നത്. കേരളത്തിന്റെ ചിരിയും വരയും വളരണമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സാമൂഹ്യ പരിഷ്‌കരണത്തിനും കെ.പി.എം.എസിന്റെ പിന്തുണയുമാണ്ടാകുമെന്നും പുന്നല പറഞ്ഞു. കെ.പി.എം.എസിന്റെ സുവർണ ജൂബിലി 2021ൽ മലബാർ സംഗമമായി ആഘോഷിക്കും.
ചടങ്ങിൽ കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് എൻ കെ രമേശൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.കെ രാജഗോപാൽ സ്വാഗതവും കെ കെ സന്തോഷ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറർ എൻ .രമേശൻ, രമേശ് മണി, എം .കെ .വേണു ഗോപാൽ എന്നിവർ സംസാരിച്ചു.