വൈപ്പിൻ: മുനമ്പം അഴീക്കോട് ഫെറിയിലെ ജങ്കാർ സർവീസ് നിലച്ചിട്ട് ഒരു വർഷം തികഞ്ഞ ഇന്നലെ മുനമ്പത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജങ്കാറിൽ വോളിബോൾ കളിച്ച് പ്രതിഷേധിച്ചു. അഴീക്കോടിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചിലൂടെ റീത്ത് വെച്ച് പ്രതിഷേധിച്ചു.
മുനമ്പവും തൃശ്ശൂർ ജില്ലയിലെ അഴീക്കോടും ബന്ധിപ്പിച്ച് നടത്തുന്ന ഫെറി സർവീസ് തൃശ്ശൂർ ജില്ലാപഞ്ചായത്തിന്റെ ചുമതലയിൽ ഉള്ളതാണ്. ജങ്കാർ കെട്ടുന്ന കോൺക്രീറ്റ് കുറ്റി ചരിഞ്ഞുപോയതിനാൽ ഈ കുറ്റി മാറ്റി പകരം കുറ്റി സ്ഥാപിക്കാൻ കഴിയാത്തതിനാലാണ് ഒരു വർഷമായി ജങ്കാർ സർവീസ് സ്തംഭിച്ച് കിടക്കുന്നത്. കോട്ടപ്പുറം വി.പി തുരുത്തിൽ കെട്ടിയിട്ടിരിക്കുന്ന ജങ്കാർ ഇതിനകം തന്നെ തുരുമ്പ് എടുത്ത് തുടങ്ങി.ഈ ജങ്കാറാണ് ഇന്നലെ സമരവേദിയായത്.
വോളിബോൾ സമരത്തിൽ യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡന്റ് ജാസ്‌മോൻ , മുൻബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുനമ്പം സന്തോഷ്, ശരത്ത് ഡിക്‌സൻ, വിവേക്, രതീഷ്, നോർബി, നമീഷ് എന്നിവർ പങ്കെടുത്തു.