thathapalli-paravur

പറവൂർ: വിദ്യാഭ്യാസവും പുറംലോക സമ്പർക്കവും നിഷേധിച്ച് രക്ഷിതാക്കൾ വീണ്ടും വീട്ടിൽ പൂട്ടിയിട്ട മൂന്ന് കുട്ടികളെ ശിശുക്ഷേമ സമിതിയും ജില്ലാ കളക്ടറും ഇടപെട്ട് മോചിപ്പിച്ചു. രണ്ടാം തവണയാണ് ഈ കുട്ടികളെ മോചിപ്പിച്ച് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നത്.

പറവൂർ തത്തപ്പിള്ളി അത്താണിക്ക് സമീപം പ്ലാച്ചോട്ടിൽ അബ്ദുൾ ലത്തീഫ് (47), ഭാര്യ രേഖ ലത്തീഫ് ദമ്പതികളാണ് ഏഴും പത്തും പതിമ്മൂന്നും വയസുള്ള മൂന്ന് മക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത്. രണ്ടു നില കെട്ടിടത്തിൽ മുകൾ നിലയിലാണ് കുടുംബത്തിന്റെ വാസം. വർഷങ്ങളായി വീട്ടുതടങ്കലിലായിരുന്ന കുട്ടികളെ കഴിഞ്ഞ വർഷവും ഇതേപോലെ മോചിപ്പിച്ചതാണ്.

മുതിർന്ന രണ്ട് കുട്ടികളെ എടത്തല എം.ഇ.എസ് സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നു. അതിനോടനുബന്ധിച്ചായിരുന്നു തമസവും. കഴിഞ്ഞ സെപ്തംബറിൽ മാതാപിതാക്കൾ വീണ്ടും കുട്ടികളെ തടവിലാക്കി. ബന്ധുക്കളെയോ അയൽവാസികളെയോ കാണാൻ അനുവദിച്ചിരുന്നില്ല. കുട്ടികളെ കൊണ്ടുപോയ വിവരം സ്കൂൾ അധികൃതരും മറച്ചുവച്ചു. ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ സൈന നടത്തിയ അനുരഞ്ജന ശ്രമങ്ങൾക്ക് മാതാപിതാക്കൾ വഴങ്ങിയില്ല.

മോചിപ്പിച്ചത്‌ പൂട്ട് പൊളിച്ച്

കളക്ടറുടെ ഉത്തരവ് പ്രകാരം പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ വീടിന്റെ പൂട്ട് പൊളിച്ചാണ്‌ കുട്ടികളെ മോചിപ്പിച്ചത്. ചീഫ് ജുഡിഷ്യൽ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം സംരക്ഷണം ശിശുക്ഷേമ സമിതിക്ക് നൽകി. മാതാപിതാക്കളും കുട്ടികളും ചേർന്ന് പൊലീസ് ഉൾപ്പെടെയുള്ളവരെ ചെറുക്കാനും ശ്രമിച്ചു. ഇന്ത്യൻ നിയമം തങ്ങൾക്ക് ബാധകമല്ലെന്നും തങ്ങളുടേതായ രാജ്യവും നിയമവും ഉണ്ടെന്നുമാണ് ലത്തീഫും കുടുംബവും വാദിക്കുന്നത്. പ്രേമവിവാഹിതരാണ് ദമ്പതികൾ. ലത്തീഫിന്റെ ഭാര്യ ഇസ്ലാം മതം സ്വീകരിച്ചതാണ്. അടച്ചിട്ട മുറികളിലാണ് കുടുംബം വർഷങ്ങളായി കഴിയുന്നത്. സാമ്പത്തികചുറ്റുപാടുള്ള കുടുംബമാണ്‌ വക്കീൽ ഗുമസ്തനായിരുന്ന അബ്ദുൾ ലത്തീഫിന്റേത്. വീടിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന ലത്തീഫിന്റെ സഹോദരനാണ് പലപ്പോഴും ഭക്ഷണം വാങ്ങി നൽകിയിരുന്നത്.