കൊച്ചി: പുതിയ സിനിമാക്കാരെയും സിനിമകളെയും അംഗീകരിക്കുന്നുണ്ടെങ്കിലും എൺപതുകളിലെ പ്രവർത്തകരെ മലയാളസിനിമയ്ക്ക് മാറ്റി നിർത്താനാവില്ലെന്ന് സംവിധായകൻ സുരേഷ് ഉണ്ണിത്താൻ പറഞ്ഞു. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം താൻ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ഹൊറർ സിനിമയെക്കുറിച്ച് വിശദീകരിക്കാൻ എറണാകുളം പ്രസ്ക്ളബിലെത്തിയതായിരുന്നു അദ്ദേഹം.

ദഷാൻ മൂവി ഫാക്ടറിയുടെ ബാനറിൽ സുരേഷ് ഉണ്ണിത്താനും റോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ റെജി തമ്പിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓജോ ബോർഡിന്റെ പ്രശ്നങ്ങളടക്കം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകുമാർ അരൂക്കുറ്റിയാണ് നിർവഹിക്കുന്നത്. ബിജിബാൽ, ആർ. സോമശേഖരൻ, വിഷ്ണു മോഹൻ സിത്താര എന്നീ സംഗീതസംവിധായകർക്കൊപ്പം എസ്. രമേശൻ നായർ, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നീ ഗാനരചയിതാക്കളും ഒന്നിക്കും. ലാൽ, ഭരത്, അജ്മൽ അമീർ തുടങ്ങിയ താരങ്ങൾക്കൊപ്പം പുതുമുഖമായ സ്നേഹ അജിത്ത് നായികയാകും. ചിത്രത്തിന്റെ പൂജ ഇന്ന് ബോധി മ്യുസിക് സ്പോട്ടിൽ നടക്കും. വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് റെജി തമ്പി, കാമറമാൻ ജെമിൻ ജോം അയ്യനേത്ത് എന്നിവർ പങ്കെടുത്തു.