കൊച്ചി: വായനയുടെ പ്രാധാന്യം ആഘോഷിക്കുന്നതിനായി ചെണ്ടയും ബാൻഡ് മേളവും ഒപ്പം സാഹിത്യസംബന്ധമായ ചോദ്യങ്ങളുമായി ഇടപ്പള്ളി ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികൾ തെരുവിലെത്തി. കാൽനട യാത്രക്കാരോടും കടകളിലുള്ളവരോടും ചോദ്യങ്ങൾ ചോദിച്ച് ശരിയായ ഉത്തരം നൽകിയവർക്ക് സമ്മാനങ്ങൾ നൽകി വിദ്യാർത്ഥികൾ വായനാദിനത്തെ അക്ഷരാർഥത്തിൽ സാഹിത്യത്തിന്റെ ദിനമാക്കി മാറ്റി. എഴുത്തുകാരുടേയും സൃഷ്ടികളുടേയും പേരെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയും മലയാള പുസ്തകങ്ങൾ ഉയർത്തിപ്പിടിച്ചും ഘോഷയാത്രയായാണ് വിദ്യാർത്ഥികൾ ഇടപ്പള്ളി ജംഗ്ഷനിലെത്തിയത്. ലക്ഷ്മിയും സംഘവും നാടൻ പാട്ടിന്റെ ദൃശ്യാവിഷ്‌കാരം നടത്തി. സഹനാദ് സഹായി കുരീപ്പുഴ ശ്രീകുമാറിന്റെ അമ്മമലയാളം കവിത അവതരിപ്പിച്ചു.
സ്‌കൂളിൽ നടന്ന പരിപാടിയിൽ കൃഷ്‌ണേന്ദു കെ മേനോൻ പി.എൻ പണിക്കരെ അനുസ്മരിച്ചു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷനായി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലത, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ശോഭന തുടങ്ങിയവർ സംസാരിച്ചു.