കൊച്ചി : ഏറെനാളുകളായി ചുവപ്പുനാടകളിൽ കുരുങ്ങിക്കിടക്കുന്ന ബ്രഹ്മപുരത്തെ ആധുനിക പ്ളാന്റ് ഒരു കടമ്പ കൂടി പിന്നിട്ടു. നിർദ്ദിഷ്ട മാലിന്യ സംസ്കരണപ്ളാന്റിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതു സംബന്ധിച്ച് കെ.എസ്.ഇ.ബിയും പ്ളാന്റിന്റെ നിർമ്മാണം ഏറ്റെടുത്ത ജി.ജെ. ഇക്കോ പവർ ലിമിറ്റഡും കരാർ ഒപ്പിട്ടതോടെ കൊച്ചിയുടെ തീരാശാപമായ മാലിന്യ സംസ്കരണ പ്രശ്നത്തിന് താമസിയാതെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചി കോർപ്പറേഷൻ അധികാരികൾ.

തിരുവനന്തപുരത്ത് വൈദ്യുതിമന്ത്രി എം എം മണിയുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഖരമാലിന്യപദ്ധതികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി വൈദ്യുതി ബോർഡ് ഏർപ്പെടുന്ന ആദ്യ കരാറും സംസ്ഥാനത്തെ ആദ്യപദ്ധതിയുമാണിത്.

# പ്രധാന വ്യവസ്ഥകൾ

കോർപ്പറേഷനും ജി.ജെ. കമ്പനിയുമായി 20 വർഷത്തേക്കാണ് പ്ളാന്റിന് കരാർ ഒപ്പിട്ടത്

ബ്രഹ്മപുരം പ്ളാന്റ് വളപ്പിലെ 20 ഏക്കർ സ്ഥലം ആധുനിക പ്ളാന്റിന് പാട്ടത്തിന് നൽകി

സ്ഥലവാടകയായി പ്രതിമാസം പത്തുലക്ഷം രൂപ കമ്പനി കോർപ്പറേഷന് നൽകണം

നിർമ്മാണം തുടങ്ങി ഒന്നര വർഷത്തിനുള്ളിൽ പ്ളാന്റ് പൂർത്തിയാക്കും

500 ടൺ മാലിന്യം സംസ്കരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു

300 ടൺ മാലിന്യം നിത്യേന എത്തിക്കാമെന്ന് കൊച്ചി കോർപ്പറേഷന്റെ ഉറപ്പ്

ഗ്യാസിഫിക്കേഷൻ മാർഗത്തിലൂടെ ജൈവ, അജൈവ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കും.

പ്രതിവർഷം 4.7 കോടി യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാം

ഒരു ടൺ മാലിന്യത്തിൽ നിന്ന് 430 യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു

ഒരു യൂണിറ്റ് വൈദ്യുതിക്ക് 15 രൂപയാണ് കമ്പനി ഈടാക്കുന്നത്

യൂണിറ്റൊന്നിനു 6.17 രൂപ നിരക്കിൽ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങും

# ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കില്ല

പ്ളാന്റിൽ ഉത്പാദിപ്പിക്കുന്ന ഓരോ യൂണിറ്റിനും കെ.എസ്.ഇ.ബി നൽകുന്ന വില കഴിഞ്ഞുള്ള തുക കമ്പനിക്കുള്ള നഷ്‌ടം നികത്തലായി സർക്കാരും കോർപ്പറേഷനും ചേർന്നു നൽകേണ്ടിവരും. ഇതിന് 25 കോടി രൂപ ബി.പി.സി.എല്ലിന്റെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടിൽ നിന്ന് കോർപ്പറേഷന് നൽകാൻ ധാരണയായി. വൈദ്യുതിബോർഡ് വാങ്ങുന്ന വൈദ്യുതിയുടെ വിലയേക്കാൾ നിരക്ക് കൂടുതലാണെങ്കിലും ഇതിന്റെ ഭാരം ഉപഭോക്താക്കൾക്കു വഹിക്കേണ്ടിവരില്ല.

മാലിന്യത്തിൽ നിന്നുള്ള വൈദ്യുതിക്ക് വില കൂടുതലാണങ്കിലും നിയമപരമായി വാങ്ങാൻ ബോർഡിന് ബാദ്ധ്യതയുണ്ടെന്ന് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു.

# പരിസര മലിനീകരണം ഉണ്ടാകില്ലെന്ന് കമ്പനി

മാലിന്യത്തിലെ സുഗമമായി കത്തുന്ന ഘടകങ്ങളെ വേർതിരിച്ച് അവയെ വാതകമാക്കി മാറ്റി സ്റ്റീം ടർബൈൻ ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനാൽ പരിസര മലിനീകരണമോ ദുർഗന്ധമോ ഉണ്ടാവില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു. .