firoz
ഫിറോസ് ഖാനും ഭാര്യ ഷംലയും

കൊച്ചി: ഇല്ലായ്മകൾക്കിടയിലും തനിക്ക് ജീവിതം നൽകിയ യുവാവിന് ഫിറോസ് ഖാൻ നൽകുന്നത് തല ചായ്ക്കാനൊരു വീട്. തനിക്ക് വൃക്ക നൽകിയ തിരൂർ സ്വദേശിയായ റൗഫിനാണ് പന്തളം കടയ്ക്കാട് ചെട്ടിയാരയ്യത്ത് ഫയാദ്ഷാ മൻസിലിൽ ഫിറോസ് ഖാൻ വീടുവച്ചു നൽകുന്നത്. തിരൂർ കാളാടിൽ നാലരസെന്റ് സ്ഥലം വാങ്ങി. വീടുപണിക്ക് ഒരുങ്ങൾ ആരംഭിച്ചു.

24 വർഷം പ്രവാസിയായിരുന്നു ഫിറോസ് ഖാൻ. ഡ്രൈവറായി​ ജോാലി​ നോക്കുമ്പോഴാണ് ഹൃദ്രോഗം ബാധിച്ചത്. തിരികെ നാട്ടിലെത്തി കോഴിക്കച്ചവടം നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായപ്പോഴാണ് വൃക്കരോഗം വില്ലനായത്. ഇതിനിടെ പ്രമേഹംമൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. സാമ്പത്തിക ഞെരുക്കം മൂലം മൂന്ന് തവണ നടത്തേണ്ട ഡയാലിസിസ് ഒന്നായി ചുരുക്കി. രണ്ടു മക്കളാണ് ഫിറോസിന്. മൂത്തയാൾ ഐ.ടി.ഐ കഴിഞ്ഞ് ബഹ്റിനിൽ കടയിൽ സഹായിയായി ജോലി നേടിയതേയുള്ളൂ. രണ്ടാമത്തെ മകൻ എം.ബി.ബി.എസ് വിദ്യാർത്ഥിയും. ആകെയുണ്ടായ സമ്പാദ്യം ബാങ്കിൽ പണയം വച്ച് വിദ്യാഭ്യാസ വായ്പ എടുത്താണ് പഠിപ്പിക്കുന്നത്. ഭർത്താവിന്റെ രോഗങ്ങളും മക്കളുടെ പഠനവുംബുദ്ധി​മുട്ടി​ലാക്കി​യ ജീവിതം കൂട്ടിമുട്ടിക്കാൻ ഫിറോസിന്റെ ഭാര്യ ഷംല രംഗത്തിറങ്ങി. പാചകകലയായിരുന്നു കൈമുതൽ. കോഴിക്കച്ചവടത്തിന് കെട്ടിയ ഷെഡിൽ രാവിലെ ഹോട്ടലും വൈകിട്ട് പലചരക്ക് കടയും നടത്തി​.

ഇതി​നി​ടെയാണ് സോഷ്യൽമീഡിയ തുണയാകുന്നത്. അകന്ന ബന്ധുവും ഫേസ്ബുക്ക് സുഹൃത്തുമായ റൗഫിനോട് രോഗങ്ങളെ കുറിച്ച് ഫിറോസ് വിവരിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ റൗഫിന്റെ ചോദ്യം. എന്റെ വൃക്കകളിലൊന്ന് തന്നാലോ? മത്സ്യത്തൊഴിലാളിയായ മുപ്പതുകാരൻ റൗഫിന്റെ തീരുമാനത്തെ അദ്ദേഹത്തിന്റെ ഭാര്യയും പിതാവും അനുകൂലിച്ചു. ഫിറോസ് ഖാന്റെ സാമ്പത്തികാവസ്ഥ മനസിലാക്കിയ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രി ഡയറക്ടർ ഡോ. കെ.ആർ രാജപ്പൻ ശസ്ത്രക്രിയ സൗജന്യമാക്കാൻ തീരുമാനിച്ചു.

ജീവിതം തിരിച്ചുകിട്ടിയ സന്തോഷത്തിലായി​ ഫിറോസ്ഖാനും ഭാര്യ ഷംലയും.. റൗഫിന് എന്തുപകരം നൽകാനാകും എന്നായിരുന്നു പിന്നീടുള്ള ചിന്ത. അന്വേഷിച്ചപ്പോഴാണ് റൗഫിന്റെ ജീവിതം അറിയുന്നത്. പിതാവ് രണ്ടാമത് വിവാഹം കഴിച്ചതോടെ ഭാര്യയെയും രണ്ടു മക്കളെയും കൂട്ടി വാടകവീട്ടിൽ കഴിയുകയായിരുന്നു റൗഫ്. സ്വന്തമായൊരു വീടാണ് റൗഫിന്റെ സഫലമാകാത്ത സ്വപ്നം. റൗഫിന്റെ വീടെന്ന സ്വപ്നം ഇപ്പോൾ ഫിറോസിന്റേത് കൂടിയാണ്. അത് എത്രയും പെട്ടെന്ന് സഫലീകരിക്കുകയാണ് ലക്ഷ്യം.