sslc
എലൂർ ഫാക്ട് സ്കൂളിൽ 1974ൽ 10 എച്ച് ബാച്ചിൽ പഠിച്ചിരുന്നവർ അന്നും ഇന്നും

നാലര പതിറ്റാണ്ടിന് ശേഷം അവർ വീണ്ടും..

ആലുവ: 45 വർഷം മുമ്പ് പത്താം ക്ളാസ് പഠനം പൂർത്തീകരിച്ച് വഴി പിരിഞ്ഞവർ വീണ്ടും ഒത്തുചേർന്ന അപൂർവകാഴ്ച്ച മറ്റൊന്ന് തന്നെ.1974ൽ ഏലൂർ ഫാക്ട് ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിൽ 10 എച്ച് ബാച്ചിൽ പഠിച്ചിരുന്നവർ ഇന്നലെ ആലുവയിലെ സ്വകാര്യ ഹോട്ടലിൽ ഒത്തുകൂടി. എല്ലാവരും മുത്തച്ഛന്മാരും മുത്തശ്ശികളുമായി. പക്ഷെ ഇന്നലത്തെ സംഗമത്തിൽ തലമുടിയിലെ നരയല്ല യുവത്വത്തിന്റെ നെറുകയ്യിലായിരുന്നു ഇവരെല്ലാം. നേരത്തെ രണ്ട് വട്ടം സഹപാടിയുടെ കൊച്ചുമക്കളുടെ വിവാഹത്തിന് ഇവരിൽ ചിലർ ഒത്തുചേർന്നിരുന്നു. തുടർന്നാണ് എല്ലാവരുമായി സംഗമിക്കണമെന്ന ആശയമുതിർന്നത്. 25 പേരാണ് ക്ളാസിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ മരണപ്പെട്ടു. ചിലരെ കുറിച്ച് ഒരു വിവരവുമില്ല. ബന്ധപ്പെടാൻ കഴിഞ്ഞ 18 പേരിൽ 11 പേരാണ് ഇന്നലെ ഒത്തുകൂടിയത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രാധ രാമചന്ദ്രനും പഴയ സഹപാടികളെ കാണാൻ മാത്രമായി എത്തിയിരുന്നു. വിവാഹ ശേഷം ചെന്നൈയിലേക്ക് പോയ രാധ അവിടെ ലൂക്കാസ് ഇന്ത്യ സർവീസിൽ ചെയർമാന്റെ സെക്രട്ടറിയായിരുന്നു. പത്താം ക്ളാസിന് ശേഷം ആദ്യമായാണ് ഇവർ സഹപാടികളെ കാണുന്നത്. പിന്നീട് കുടുംബ സംഗമം നടത്തണമെന്ന തീരുമാനത്തിലാണ്.

ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സാബു സാം, കാലടി സംസ്കൃത സർവകലാശാല അസി. സെക്ഷൻ ഓഫീസറായി വിരമിച്ച അജിത്ത് കുമാർ, അബു ജോർജ് (റിട്ട. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ), ടി.കെ. മോഹൻകുമാർ (ഹിൻഡാൽകോ), വേണുഗോപാലൻ പിള്ള (എച്ച്.ഐ.എൽ), മോളി ജോസ് (ഫെഡോ ഫാക്ട് സീനിയർ എൻജിനിയർ), ഡെൽമ ഫ്രാൻസിസ് (റിട്ട. സ്കൂൾ അദ്ധ്യാപിക), വി. സുനിത (റിട്ട. സ്കൂൾ അദ്ധ്യാപിക), മുൻ ബാസ്ക്കറ്റ് ബോൾ താരം കൂടിയായ പി.ബി. മോഹൻകുമാർ എന്നിവരുമാണ് സംഗമത്തിനെത്തിയത്.