building
17ന് 'കേരളകൗമുദി'യിൽ പ്രസിദ്ധീകരിച്ച വാർത്ത

നഗരസഭ എൻജിനിയറിംഗ് വിഭാഗം അന്വേഷണം ആരംഭിച്ചു.

ആലുവ: കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് ബഹുനില വ്യാപാര സമുച്ചയങ്ങൾക്ക് പാർക്കിംഗ് ഏരിയക്കായി നിശ്ചയിച്ച സ്ഥലം കടമുറികളാക്കുന്നുവെന്ന ആക്ഷേപത്തെ കുറിച്ച് ആലുവ നഗരസഭ എൻജിനിയറിംഗ് വിഭാഗം അന്വേഷണം ആരംഭിച്ചു.

'ആലുവയിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് പുല്ലുവില, പാർക്കിംഗ് ഏരിയകൾ കടമുറികളാകുന്നു' എന്ന തലക്കെട്ടിൽ 17ാം തിയ്യതി 'കേരളകൗമുദി'യിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. പൈപ്പ് ലൈൻ റോഡിൽ ഐ.എം.എ ഹാളിന് എതിർവശം അടുത്തിടെ നിർമ്മിച്ച അഞ്ച് നില വ്യാപാരസമുച്ചയത്തിൽ പാർക്കിംഗ് ഏരിയയായി സൂചിപ്പിച്ചിരുന്ന സ്ഥലം സ്വകാര്യ സ്ഥാപനങ്ങൾക്കായി വാടകക്ക് നൽകിയതിന്റെ ചിത്രവും വാർത്തയോടൊപ്പം ഉൾപ്പെടുത്തിയിരുന്നു. പൊതുമരാമത്ത് റോഡിൽ നിന്നും മൂന്ന് മീറ്റർ നീക്കി കെട്ടിടം നിർമ്മിക്കണമെന്ന ചട്ടവും ഇവിടെ പാലിച്ചിട്ടില്ല. വാർത്ത ശ്രദ്ധയിൽപ്പെട്ട നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം നടപടിയെടുത്തു..

ഭൂഗർഭ പാർക്കിംഗിനായി കെട്ടിടത്തിന് അടിയിലേക്ക് ചെറിയ വഴിയുണ്ടെങ്കിലും ഇത് അടച്ചുകെട്ടിയ അവസ്ഥയിലാണ്. മാത്രമല്ല, ഈ വഴിയിൽ വാഹനഗതാഗതം തടസപ്പെടുത്തി കോണിയുടെ നിർമ്മാണവും നടക്കുന്നുണ്ട്. അവശേഷിക്കുന്ന സ്ഥലത്ത് രണ്ടോ മൂന്നോ വാഹനം പാർക്ക് ചെയ്യാൻ കഴിയുന്ന സൗകര്യം മാത്രമാണുള്ളത്. ഈ കെട്ടിടത്തിന്റെ എതിർവശത്തെ കെട്ടിടത്തിനും ഭൂഗർഭ പാർക്കിംഗ് ഉണ്ടെങ്കിലും ഉടമ തുറന്ന് നൽകിയിട്ടില്ല. പ്രത്യേക വാടക നൽകുന്നവർക്ക് മാത്രമാണ് പാർക്കിംഗ് അനുവദിക്കുന്നത്. ഇവിടെ വരുന്ന ഉപഭോക്താക്കൾ റോഡിൽ ഗതാഗത തടസം സൃഷ്ടിച്ച് വാഹനം പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്.

റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി 'കേരളകൗമുദി'യോട് പറഞ്ഞു. പാർക്കിംഗ് ഏരിയ ഉൾപ്പെടെയുള്ള രൂപരേഖ തയ്യാറാക്കി നഗരസഭയിൽ നിന്നും നിർമ്മാണ അനുമതി വാങ്ങുന്ന കെട്ടിട ഉടമകൾ പിന്നീടാണ് പാർക്കിംഗ് ഏരിയയും കടമുറികളാക്കുന്നത് വ്യാപകമാണ്.

#എൻജിനിയറിംഗ് വിഭാഗം സ്ഥലം സന്ദർശിച്ചു

എൻജിനിയറിംഗ് വിഭാഗം ഓവർസിയർ സുലേഖയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എന്നാൽ ഭൂഗർഭ പാർക്കിംഗ് ഏരിയയുണ്ടെന്ന നിലപാടാണ് കെട്ടിട ഉടമക്ക്. അതിനെ സാധുകരിക്കുന്ന നിലപാടാണ് എൻജിനിയറിംഗ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്കും. നഗരസഭ സെക്രട്ടറി അരുൺ രംഗന് റിപ്പോർട്ട് കൈമാറിയിട്ടില്ല.

# കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് യാതൊരു കാരണവശാലും കടമുറികൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾളും സ്വീകരിക്കും.

ലിസി എബ്രഹാം ചെയർപേഴ്‌സൺ