കൊച്ചി: സ്ഥാനാർത്ഥി മോഹികളില്ലാത്തതാണ് എൽ.ഡി.എഫിന്റെ പ്രശ്‌നം. യു.ഡി.എഫിലാകട്ടെ സിനിമാ തിയേറ്ററിന് മുന്നിലെ ക്യൂ പോലെയാണ് കാര്യങ്ങൾ. ബി.ജെ.പിയിൽ ആർക്കെങ്കിലും നറുക്കു വീഴും. എറണാകുളം ഉപതിരഞ്ഞെടുപ്പ് ആരവങ്ങൾക്കായി ചർച്ചകൾ തുടങ്ങി കഴിഞ്ഞു.

ഇന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രാഥമിക ചർച്ചകൾ നടത്തും. ലെനിൻ സെന്ററിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന നേതാക്കളുടെ ഒരു പട തന്നെയുണ്ട്. സംസ്ഥാന കൺവീനർ എ. വിജയരാഘവൻ, കെ.പി. രാജേന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ടി.പി. പീതാംബരൻ എന്നിവർ പങ്കെടുക്കും. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ മണ്ഡലത്തിൽ വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കാനാണ് ഇടതുമുന്നണിയുടെ ആലോചന. സാമുദായിക സമവാക്യത്തിനാണ് മുന്തിയ പരിഗണന. ലത്തീൻ വോട്ടുകൾ കൂടുതലുള്ള മണ്ഡലത്തിൽ ആ സമുദായത്തിൽ നിന്നുള്ള ഒരാളെ രംഗത്തിറക്കാനാണ് പദ്ധതി. കഴിഞ്ഞ തവണ സി.പി.എം സ്ഥാനാർത്ഥിയായിരുന്ന ജില്ലാ കമ്മിറ്റി അംഗം എം. അനിൽകുമാർ 20,000 ത്തിലധികം വോട്ടുകൾക്കൾക്കാണ് ഹൈബി ഈഡനോട് പരാജയപ്പെട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പി. രാജീവ് മണ്ഡലത്തിൽ ബഹുദൂരം പിന്നിലായി. അതിനാൽ സെബാസ്‌റ്റ്യൻ പോളിനെ പോലെയുള്ള സ്വതന്ത്രനെയിറക്കി പരീക്ഷണത്തിനാണ് ഇത്തവണയും ശ്രമം.

യേശുദാസും റോണും പരിഗണനയിൽ

പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, സെബാസ്‌റ്റ്യൻ പോളിന്റെ മകൻ റോൺ പോൾ എന്നിവരുടെ പേരുകളാണ് പ്രാഥമിക ചർച്ചയിലുള്ളത്. ഇരുവരും മണ്ഡലത്തിൽ അറിയപ്പെടുന്നവരല്ലെന്നതാണ് പ്രധാന പ്രശ്‌നം. പറവൂരിലുള്ള യേശുദാസിനെ എറണാകുളത്ത് എത്തിച്ച് മത്സരിപ്പിക്കുന്നതിനോട് ചിലർക്ക് വിയോജിപ്പുണ്ട്. ഈ എതിർപ്പാണ് മുമ്പും സ്ഥാനാർത്ഥിത്വത്തിൽ നിന്ന് യേശുദാസിനെ അകറ്റിയത്.

കോൺഗ്രസിൽ ഇടിയോടിടി

സ്ഥാനാർത്ഥിയാകാൻ യു.ഡി.എഫിൽ തിരക്കോട് തിരക്കാണെങ്കിലും ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദിനാണ് സാദ്ധ്യത. ഐ ഗ്രൂപ്പിന്റെ സീറ്റെന്നതാണ് പ്രധാന ഘടകം. മുൻ എം.പി. കെ.വി.തോമസ്, ഡൊമിനിക് പ്രസന്റേഷൻ, ലാലി വിൻസെന്റ് എന്നിവർ സീറ്റിനായി പൊരുതുന്നുണ്ട്. ഹൈബിക്കും താത്പര്യം വിനോദ് സ്ഥാനാർത്ഥിയാകുന്നതിനോടാണ്. വിനോദ് എം.എൽ.എയായാൽ കൗൺസിലർ സ്ഥാനവും ഡെപ്യൂട്ടി മേയർ പദവിയും രാജിവയ്‌ക്കേണ്ടി വരും. ഇതോടെ കോർപ്പറേഷൻ ഭരണം നഷ്‌ടപ്പെടാനുള്ള സാദ്ധ്യതകൾ നിരത്തി വിനോദിന്റെ സ്ഥാനാർത്ഥിത്വം അട്ടിമറിക്കാൻ മറുവിഭാഗവും രംഗത്തുണ്ട്.

ബി.ജെ.പിയിൽ അണിയറനീക്കങ്ങൾ

അണിയറയിൽ ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും ബി.ജെ.പിയിൽ കാര്യമായ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല. പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജുവിന്റെ പേരാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഒരുക്കത്തിന് മണ്ഡലത്തിന്റെ ചുമതല മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന് നൽകിയിട്ടുണ്ട്. ഭാരവാഹികൾ, പ്രവർത്തകർ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി സ്ഥാനാർത്ഥിയെ നിശ്ചയിക്കും.