start-up-

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ, നാസ്‌കോം, റാപിഡ് വാല്യൂ സൊല്യൂഷൻസ് എന്നിവ സംയുക്തമായി നടത്തുന്ന ഹാക്കത്തോൺടെക്‌നോളജി ഫെസ്റ്റിന്റെ രണ്ടാം ലക്കം ജൂലായിൽ നടക്കും. കളമശേരി ടെക്‌നോളജി ഇനോവേഷൻ സോണിൽ 13, 14 തിയതികളിലായാണ് ഹാക്കത്തോൺ.

ഒന്നാം സ്ഥാനം നേടുന്നവർക്ക് 30,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20,000, 10,000 രൂപ വീതമാണ് സമ്മാനം.

സോഫ്റ്റ്‌വെയർ പ്രോഗ്രാമേഴ്‌സ്, ആപ്ലിക്കേഷൻ ഡെവലപ്പേഴ്‌സ് തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധർ സംയുക്തമായി പുതിയ ആശയങ്ങൾ കോഡ് ചെയ്ത് വികസിപ്പിക്കുന്ന വേദിയാണ് ഹാക്കത്തോൺ. പരമാവധി 5 പേരടങ്ങുന്ന സംഘമായി പുതിയ ആശയത്തെ രണ്ട് ദിവസം കൊണ്ട് പ്രൊജക്ടാക്കണം. സോഷ്യൽ മീഡിയ, മൊബൈൽ സാങ്കേതികവിദ്യ, ഐ.ഒ.ടി, അനലറ്റിക്‌സ്, ബിഗ് ഡാറ്റാ, സൈബർ സെക്യൂരിറ്റി, യാന്ത്രിക വിജ്ഞാനം, നിർമ്മിതബുദ്ധി, മൊബൈൽ ഗവേണൻസ് എന്നീ സാങ്കേതിക മേഖലകളാണ് പ്രൊജക്ടിനായി തെരഞ്ഞെടുക്കേണ്ടത്.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ലഘൂകരിക്കാനുതകുന്ന സാങ്കേതിക വിദ്യ ഇക്കുറിയും ഹാക്കത്തോണിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജിഗോപിനാഥ് പറഞ്ഞു.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ http://www.rapidvaluehackathon.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.