കൊച്ചി : ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിൽ കുരിശു സ്ഥാപിച്ചത് സർക്കാർ ഭൂമിയിലോ ദേവസ്വം ബോർഡിന്റെ ഭൂമിയിലോയെന്ന് പത്തു ദിവസത്തിനകം അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇവിടെ ദേവസ്വം ബോർഡിന്റെ പക്കൽ എത്ര ഭൂമിയുണ്ട് എന്നറിയിക്കാനും ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. പാഞ്ചാലിമേട്ടിൽ അനധികൃതമായി സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യാനുള്ള പെരുവന്താനം വില്ലേജ് ഒാഫീസറുടെ ഉത്തരവ് നടപ്പാക്കാൻ റവന്യു, പൊലീസ് അധികൃതരോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കുപ്പക്കയം സ്വദേശി ജി. അരുൺലാൽ നൽകിയ ഹർജിയിലാണ് നിർദ്ദേശം.
കുരിശുകൾ സ്ഥാപിച്ചത് ദേവസ്വം ബോർഡിന്റെ ഭൂമിയിലല്ലെങ്കിൽ ദേവസ്വം ബെഞ്ചിനു പകരം മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കേണ്ടി വരും. പെരുവന്താനം സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിൽ പാഞ്ചാലിമേട്ടിൽ 17 കുരിശുകൾ സ്ഥാപിച്ചെന്നും ഇതിൽ മൂന്ന് കുരിശുകൾ മാത്രമാണ് നീക്കം ചെയ്തതെന്നും ഹർജിയിൽ ആരോപിക്കുന്നു. ശബരിമല അയ്യപ്പന്റെ വാസസ്ഥലമായ പൂങ്കാവനത്തിൽ ഉൾപ്പെടുന്ന 18 മലകളിലൊന്നാണ് പാഞ്ചാലിമേടെന്നും വനവാസകാലത്ത് പാണ്ഡവർ പാഞ്ചാലിക്കൊപ്പം ഇവിടെ താമസിച്ചതിനാലാണ് പാഞ്ചാലിമേടെന്ന് പേരു ലഭിച്ചതെന്നും ഹർജിയിൽ പറയുന്നു. ഇവിടെ ശ്രീഭുവനേശ്വരി ക്ഷേത്രമുണ്ട്.
റവന്യൂ രേഖകൾ പ്രകാരം പാഞ്ചാലിമേട്ടിലെ 269 ഏക്കർ ഭൂമി വഞ്ഞിപ്പുഴ മഠത്തിന്റേതായിരുന്നു. ഭൂപരിഷ്കരണ നിയമം വന്നതോടെ ഇതു റവന്യൂ ഭൂമിയായി. ക്ഷേത്രം പിൽക്കാലത്ത് പരിപാലിക്കാതെ വന്നതോടെ 22 ഏക്കർ ഭൂമിയും ക്ഷേത്രവും ദേവസ്വം ബോർഡ് ഏറ്റെടുത്തു. ഇവിടെ നിന്നാൽ മകരജ്യോതി ദർശിക്കാനാവുമെന്നതിനാൽ വർഷംതോറും ആയിരക്കണക്കിന് അയ്യപ്പഭക്തർ പാഞ്ചാലിമേട്ടിൽ എത്തുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൈവശമുള്ള ഭൂമിയിലാണ് മരിയൻ തീർത്ഥാടനത്തിന്റെ പേരിൽ കുരിശുകൾ സ്ഥാപിച്ചത്. തീർത്ഥാടന കേന്ദ്രത്തിന്റെ കവാടവും സ്ഥാപിച്ചെന്നും ഹർജിയിൽ പറയുന്നു.