മൂവാറ്റുപുഴ: സാമൂഹ്യനീതി വകുപ്പിനുകീഴിലുള്ള സാമൂഹ്യസുരക്ഷാമിഷൻ വയോമിത്രം പദ്ധതി മുഖേന മുവാറ്റുപുഴ നഗരസഭയിൽ നിന്ന് വിവിധ സേവനങ്ങൾ നൽകിവരുന്നു. നഗരസഭാ പരിധിയിലുള്ള വയോജനങ്ങളുടെയും സമൂഹത്തിൽ അവശതയനുഭവിക്കുന്നവരുടെയും സാമൂഹ്യ, ആരോഗ്യക്ഷേമമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. നഗരസഭാപരിധിയിൽ 20 ക്യാമ്പുകളിലായി 65 വയസിനുമുകളിലുള്ള 1300 വയോജനങ്ങൾക്ക് സാമ്പത്തികപരിധി നോക്കാതെ സൗജന്യമായി ഇൻസുലിൻ ഉൾപ്പടെ 80 തരം മരുന്നും ഡോക്ടറുടെ സേവനവും അവരുടെ വീട്ടിലെത്തി നൽകുന്നു. ഒന്നിടവിട്ട ആഴ്ചകളിൽ ഡോക്ടറുടെ സേവനവും മരുന്നുകളും എത്തിക്കുന്നത്. ഹെൽപ്‌ഡെസ്‌ക് നമ്പർ 9645206562. കേരള സാമൂഹ്യ സുരക്ഷാമിഷന്റെ ക്ഷേമ പദ്ധതികളായ ആശ്വാസകിരണം, സ്‌നേഹപൂർവം, സമാശ്വാസം, വീ കെയർ തുടങ്ങിയ പദ്ധതികളുടെ കേന്ദ്രീകൃത ഓഫീസായി വയോമിത്രത്തിന്റെ കേന്ദ്രം പ്രവർത്തിക്കുന്നു. സെമിനാറുകളും മാസംതോറും ബോധവത്കരണക്ലാസുകളും സംഘടിപ്പിക്കുന്നു. സൗജന്യകൗൺസലിംഗ് സേവനവും നൽകിവരുന്നു. സൗജന്യരക്തപരിശോധനാക്യാമ്പും ജീവിത ശൈലിരോഗ നിർണയക്യാമ്പുകളും നടത്തിവരുന്നു.