sreeman-narayanan
മുപ്പത്തടം ശ്രീമൻ നാരായണൻ മിഷൻ വായനാദിനത്തിൽ സംഘടിപ്പിച്ച ഗാന്ധി ചിത്ര വിതരണം സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ എന്ന സന്ദേശമുയർത്തി ശ്രീമൻ നാരായണൻ മിഷൻ വായനാദിനത്തിൽ സംഘടിപ്പിച്ച ഗാന്ധി ചിത്ര വിതരണം സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 'കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഹൃദയംകൊണ്ടും നമുക്കു ഗാന്ധിജിയെ വായിക്കാം' എന്ന സന്ദേശത്തിലൂടെ മുപ്പത്തടം ഗ്രാമത്തിലെ 5000 വീടുകൾക്കാണ് ഫ്രെയിം ചെയ്ത ഗാന്ധിജിയുടെ ഫോട്ടോ സൗജന്യമായി നൽകുന്നത്.

ഹോട്ടൽ ദ്വാരകയിൽ നടന്ന ചടങ്ങിൽ യോഗാചാര്യന്മാരായ എസ്. ആന്റണിക്കും ഭാര്യ വാസന്തിക്കും ചിത്രം നൽകിയായിരുന്നു ഉദ്ഘാടനം. ഗാന്ധിജി എല്ലാതലങ്ങളിലും അവഗണിക്കപ്പെട്ടെന്നും എല്ലാവരും അദ്ദേഹത്തെ മറന്നപോലെയുള്ള അവസ്ഥയാണിന്നുള്ളതെന്നും സി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഗാന്ധിജി ഇന്ന് ഇലക്ഷനു മത്സരിക്കുകയാണെങ്കിൽ കെട്ടിവച്ച കാശു കിട്ടുമോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരൻ സേതു അദ്ധ്യക്ഷത വഹിച്ചു. ശ്രീമൻ നാരായണൻ സ്വാഗതമാശംസിച്ചു. എഴുത്തുകാരായ എൻ.കെ. ദേശം, പ്രൊഫ. ഗ്രേസി, എസ്. ആന്റണി, ശശിധരൻ കല്ലേരി, എച്ച്.സി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.