njattuvela
'ഞാറ്റുവേല ചന്ത'

ആലുവ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻെറ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല 'ഞാറ്റുവേല ചന്ത' 22 മുതൽ 24 വരെ ചൂർണിക്കര ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ലേഖ കാർത്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

22ന് രാവിലെ 10.30ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ പദ്ധതി വിശദീകരിക്കും. തുടർന്ന് 'വാഴ കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും' എന്ന വിഷയത്തിൽ കാർഷിക സർവ്വകലാശാല വിദഗ്ദ്ധരായ ഡോ. അനിത ചെറിയാൻ, ഡോ. സുമ എന്നിവർ നയിക്കുന്ന കാർഷിക സെമിനാർ നടക്കും. 22,23, 24 തിയതികളിൽ കാർഷിക വിളകളുടെ പ്രദർശനവും വിപണനമേളയും നടക്കും. കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള കുരുമുളകിനങ്ങൾ, മലേഷ്യൻ ഇനം തെങ്ങിൻ തൈകൾ, ചെറുകിട കാർഷിക യന്ത്രങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തുടങ്ങിയ മേളയിൽ വിൽപ്പനയ്‌ക്കെത്തും.

ആലുവ മീഡിയ ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ സജി വർഗീസ്, മാഗി മെറീന, ചൂർണ്ണിക്കര പഞ്ചായത്ത് കൃഷി ഓഫീസർ ജോൺ ഷെറി എന്നിവരും പങ്കെടുത്തു.

'ഞാറ്റുവേല ചന്ത':

സർക്കാരിന് മാതൃകയായത് ചൂർണിക്കര ഗ്രാമപഞ്ചായത്ത്

ആലുവ: കാർഷിക വിളകളുടെ പ്രദർശനത്തിനും വിൽപ്പനക്കുമായി ചൂർണിക്കര ഗ്രാമപഞ്ചായത്തും കൃഷി ഭവനും ചേർന്ന് ആറ് വർഷം മുമ്പ് ആരംഭിച്ച 'ഞാറ്റുവേല ഫെസ്റ്റ്' സർക്കാർ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന 'ഞാറ്റുവേല ഫെസ്റ്റ്'ന് പ്രേചോദനമായത്. 2014ലാണ് ചൂർണിക്കര കൃഷി ഓഫീസറായ ജോൺ ഷെറിയുടെ താത്പര്യപ്രകാരം 'ഞാറ്റുവേല ഫെസ്റ്റ്' ആദ്യമായി സംഘടിപ്പിച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണകൂടി ലഭിച്ചപ്പോൾ പരിപാടി ഗംഭീരമായി. തുടർന്നുള്ള മൂന്ന് വർഷവും ഞാറ്റുവേല ഫെസറ്റ് സംഘടിപ്പിച്ചു. നാലം വർഷം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് കൃഷി മന്ത്രി വി.എസ്. സുനിൽകുമാറാണ്. തുടർന്നാണ് 'ഞാറ്റുവേല ഫെസ്റ്റ്' സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. അങ്ങനെ കഴിഞ്ഞ വർഷം ആദ്യമായി 'ഞാറ്റുവേല ചന്ത'യെന്ന പേരിൽ സംസ്ഥാന തലപരിപാടിക്ക് തുടക്കമായി. സർക്കാർ ഏറ്റെടുത്തതിന്റെ രണ്ടാം വർഷം ആതിഥേയത്വം വഹിക്കാനുള്ള അവസരവും ചൂർണിക്കര ഗ്രാമപഞ്ചായത്തിനെ തേടിയെത്തുകയായിരുന്നു.