വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് എം പി ഇ ഡി എയുടെ സാങ്കേതിക സഹകരണത്തോടെ പടുത്തുയർത്തിയ ചെറായി അക്വാപോണിക്‌സ് ഗ്രാമം ലോകശ്രദ്ധയാകർഷിച്ചു വരുന്നു. വിഷരഹിത മത്സ്യത്തിന്റെയും പച്ചക്കറിയുടേയും ഉൽപ്പാദനത്തിൽ തങ്ങളുടെ ഗ്രാമം സ്വയംപര്യാപ്തത നേടണം എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു സംരഭത്തിനു ബാങ്ക് തുടക്കം കുറിച്ചത്. യൂണിറ്റുകൾ സ്ഥാപിക്കാനുള്ള തുക ബാങ്കിൽ നിന്ന് പലിശരഹിതവായ്പയായി നൽകിയും എം പി ഇ ഡിഎ യിൽനിന്നും സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കിയും ബാങ്ക് അംഗങ്ങളുടെ കൂടെ നിന്നു. ഇരുനൂറോളം ഗാർഹിക യൂണിറ്റുകൾ ചെറായി എന്ന ചെറിയ ഗ്രാമത്തിൽ ഇതിനോടകം തയ്യാറായി കഴിഞ്ഞു. മാസം തോറും കർഷകരുടെ യോഗം ബാങ്കിൽ വിളിച്ചു കൂട്ടി അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നു. മൂന്ന് വർഷമായി ഈ പ്രസ്ഥാനം തുടങ്ങിയിട്ട്.. അന്നത്തെ പ്രസിഡന്റ് മയ്യാറ്റിൽ സത്യൻ രൂപപ്പെടുത്തിയ ഈ സംരംഭം ഇപ്പോഴത്തെ പ്രസിഡന്റ് അഡ്വ. കെ വി എബ്രാഹാമിന്റെ നേതൃത്വത്തിലും ഊർജ്ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകുന്നു.
ചെറായി എന്ന അക്വപോണിക്‌സ് എന്ന ഗ്രാമത്തെപറ്റിയുള്ള വിവരം നവമാധ്യമങ്ങളിൽ നിന്നും അറിഞ്ഞു ഫ്രാൻസിലെ കൃഷി ശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ചെറായിയിലെത്തി അക്വപോണിക്‌സ് യൂണിറ്റുകൾ സന്ദർശിച്ച് യൂണിറ്റുകളെകുറിച്ച് വിശദമായി പഠിച്ചു. ഗാർഹിക യൂണിറ്റിന്റെ സാധ്യതകൾ അവരെ വിസ്മയപ്പെടുത്തി.എന്തുകൊണ്ട് ചെറായിയിൽ മാത്രം എന്ന ചോദ്യവും അവർ ഉന്നയിച്ചു. മറുപടി കേട്ടപ്പോൾ സഹകരണ പ്രസ്ഥാനങ്ങളുടെ മികവിനെ പൊതുവെയും പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിനെ പ്രത്യകിച്ചും അവർ അഭിനന്ദിച്ചു. അക്വപോണിക്‌സ് ഗ്രാമത്തിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന ഫോറെസ്റ്റ് ഡെവലപ്പ്‌മെന്റ് കോർപറേഷൻ റിട്ട. ഓഫീസർ കിഷോറിനോടോപ്പമാണ് ഫ്രഞ്ച് വിദ്യാർഥികൾ യൂണിറ്റുകൾ സന്ദർശിച്ചത്.
ഇന്ത്യയിൽ തന്നെ ഇവിടെ മാത്രമാണ് ബാങ്കിന്റെ കീഴിൽ ഇങ്ങനെ ഒരു സംരംഭം ഉള്ളത്. എല്ലാ മാസവും പുതിയ സംരംഭകരെ കണ്ടെത്തി അവർക്ക് വേണ്ടി പരിശീലനക്ലാസ്സും ഇവിടെ നടന്നു വരുന്നു.
അക്വാപോണിക്‌സ് ഗ്രാമം
മത്സ്യകൃഷിയും പച്ചക്കറികൃഷിയും ഒരുമിച്ചുചെയ്യുന്ന രീതിയാണ് അക്വാപോണിക്‌സ്. മത്സ്യകാഷ്ടം അടങ്ങിയ മീൻകുളങ്ങളിലെ വെള്ളം ഉപയോഗിച്ചു കുളങ്ങൾക്കു മുകളിലെ തട്ടുകളിൽ പച്ചക്കറി കൃഷി നടത്തുന്നു. നഗരങ്ങളിൽ വസിക്കുന്നവർക്കു ടെറസുകളിലും മറ്റും ഈരീതിയിൽ മത്സ്യപച്ചക്കറി കൃഷി ചെയ്യാം..