social-media-

മുംബയ്: കിടിലൻ കാറും ഫോറും അടിപൊളി വിദേശ യാത്രകളുമൊക്കെ ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്ത് മേനി കാട്ടും മുമ്പ് ആദായ നികുതി കൃത്യമായി നൽകിയിട്ടുണ്ടോ എന്ന് നോക്കുന്നത് നല്ലതാണ്.

ആദായ നികുതി വെട്ടിച്ചു നടക്കുന്ന വിരുതന്മാർ സോഷ്യൽ മീഡിയയിൽ ആഡംബരം കാട്ടി വിളയാടിയിൽ പിടിവീഴും. ഇക്കൂട്ടരെ കെണിയിലാക്കാൻ ആദായ നികുതി വകുപ്പ് സമൂഹമാദ്ധ്യമങ്ങളിൽ നിരീക്ഷണം തുടങ്ങി.

ഫേസ് ബുക്കിലും വാട്ട്സപ്പിലുമൊക്കെ ആർഭാടം കാട്ടുന്ന വമ്പന്മാർ പലരും അതനുസരിച്ചുള്ള നികുതി നൽകുന്നവരല്ലെന്ന തിരിച്ചറിവാണ് പുതിയ കാലത്തെ തന്ത്രങ്ങളിലേക്ക് തിരിയാൻ ആദായനികുതി വകുപ്പിനെ പ്രേരിപ്പിച്ചത്.

പൊങ്ങച്ചം കാണിക്കാൻ വേണ്ടി കൈയിലുള്ള അമൂല്യവും ആഡംബര ഇനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നത് ഒട്ടെല്ലാവർക്കും വലിയ കമ്പമാണ്. അതുതന്നെയാകും ഇക്കൂട്ടർക്ക് കെണിയാകുന്നതും.

വ്യക്തിവിവരങ്ങൾ ഇത്രയേറെ ഒഴുകിയെത്തുന്ന സോഷ്യൽ മീഡിയയിലൂടെ നികുതിവെട്ടിപ്പുകാരിലേക്കെത്താമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്.

ആഭരണങ്ങൾ, വിലയേറിയ ഗാഡ്ജറ്റുകൾ, കാറുകൾ, വീടുകൾ, ഒഴിവുകാല വസതികൾ, യാത്രകൾ, കുടുംബ, ഒൗദ്യോഗിക മീറ്റിംഗുകൾ, ഹോട്ടൽ വിരുന്നുകൾ, വിദേശ യാത്രകൾ തുടങ്ങി നികുതി വെട്ടിപ്പിന് വഴിയൊരുക്കുന്ന എല്ലാ മേഖലകളിലേക്കും സോഷ്യൽ മീഡിയ വഴികാട്ടും.

വ്യക്തിവിവരങ്ങൾ തേടുന്നതിന് ബാങ്കുകളുൾപ്പടെ ആധുനിക വാണിജ്യമേഖലകളെല്ലാം സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നുണ്ട്. ഇനി ഇക്കാര്യത്തിൽ മടിച്ചു നിന്നിട്ടു കാര്യമില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെയും അഭിപ്രായം.

രഹസ്യ നിരീക്ഷണങ്ങൾ കുറെയേറെ നടത്തിയിട്ടും കോടികളുടെ നികുതിവെട്ടിപ്പുകൾ കണ്ടെത്താൻ വകുപ്പിന് പലപ്പോഴും കഴിയാറില്ല. ഒപ്പം സോഷ്യൽ മീഡിയയിലും ഒരു കണ്ണുണ്ടായിരുന്നെങ്കിൽ ഒട്ടേറെ തട്ടിപ്പുകാരെ മുങ്ങുംമുമ്പ് കുടുക്കാൻ കഴിഞ്ഞേനെ.

പ്രോജക്ട് ഇൻസൈറ്റ്

സോഷ്യൽ മീഡിയ നിരീക്ഷണത്തിന് ആദായ നികുതി വകുപ്പ് നൽകിയ പേരാണ് പ്രോജക്ട് ഇൻസൈറ്റ്. നികുതിവെട്ടിപ്പുകാരെന്ന് സംശയിക്കുന്നവരുടെ ഫേസ്ബുക്ക് തുടങ്ങിയ അക്കൗണ്ടുകൾ നിരീക്ഷിക്കലാണ് ഇവരുടെ പണി. സോഷ്യൽ മീഡിയയിൽ നിന്നുള്ള വിവരങ്ങൾ നികുതിവെട്ടിപ്പുകാർക്ക് കുരുക്കാകുമെന്ന് ഉറപ്പാണ്. ഓൺലൈനിൽ നിന്ന് സമാഹരിക്കുന്ന വ്യക്തിവിവരങ്ങൾക്ക് നിയമപ്രാബല്യമില്ലെങ്കിലും അന്വേഷണങ്ങൾക്ക് ഇത് സഹായകരമാകും. അതുതന്നെയാണ് ആദായ നികുതി വകുപ്പിന്റെ ലക്ഷ്യവും.